ആരാധകരില്‍ ആകാംക്ഷ നിറച്ച് മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റുകള്‍. ഏതോ പസ്സിലിന്റെ ഭാഗങ്ങള്‍ എന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് ഇരുവരും ഫേസ്ബുക്കില്‍ പങ്കുവച്ചത്. രണ്ട് പേരുടേയും ഫേസ്ബുക്കില്‍ ഒരേ സമയം പോസ്റ്റുകള്‍ പങ്കുവയ്ക്കപ്പെട്ടതോടെ ലിജോ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനമായിരിക്കാമിതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
അടുത്തിടെയാണ് മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം പ്രഖ്യാപിച്ചത്. ഇതിന് ശേഷമുള്ള പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടെയാണ് പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ജനുവരി പത്തിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. രാജസ്ഥാനായിരിക്കും പ്രധാന ലൊക്കേഷന്‍. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാന് ഷെഡ്യൂള്‍ നീണ്ടുനില്‍ക്കും.
ചിത്രത്തില്‍ ഒരു ഗുസ്തിക്കാരന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് സൂചന. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.