മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘റാം’. വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് കൊവിഡിനെ തുടര്‍ന്ന് കുറച്ചുനാള്‍ നിര്‍ത്തിവച്ചിരുന്നു. അടുത്തിടെയാണ് ഇത് വീണ്ടും പുനഃരാരംഭിച്ചത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ഇതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളാണ് പുറത്തുവരുന്നത്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ കഥാസംഗ്രഹമെന്ന പേരില്‍ ഒരു സ്ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. റാം മോഹന്‍ എന്ന് പേരായ ഒരു മുന്‍ റോ ഏജന്റ് ആയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നാണ് വിവരം. സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പിന്നീട് അപ്രത്യക്ഷനാവുകയും ചെയ്ത റാമിന്റെ സേവനം ഒരു ഘട്ടത്തില്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് ആവശ്യമായി വരികയാണ്. ബേല്‍ എന്ന തീവ്രവാദ സംഘടനയെ നേരിടാനാണ് റോ റാം മോഹനെ അന്വേഷിക്കുന്നത്, ഇതാണ് സിനോപ്സിസ് എന്ന് പ്രചരിക്കുന്ന ചിത്രത്തില്‍ ഈ സിനിമയെക്കുറിച്ച് ഉള്ളത്. ഷാരൂഖ് ഖാന് ചിത്രം പഠാന്റെ പ്ലോട്ടിന് സമാനമാണ് ഇതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആറ് സ്ഥലങ്ങളിലായി നടന്ന ആറ് കൊലപാതകങ്ങളെ കുറിച്ച് അന്വേഷിക്കുന്നതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
എറണാകുളം, രാമേശ്വരം, ഡല്‍ഹി, ഷിംല എന്നിവിടങ്ങളിലായി റാമിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ദൃശ്യം’, ‘ദൃശ്യം സെക്കന്‍ഡ്’, ‘ട്വല്‍ത്ത് മാന്‍’ എന്നീ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തുവും കൈകോര്‍ക്കുന്ന ചിത്രവുമാണ് ‘റാം’.