മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ നായകനാവുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം മലയാള സിനിമാ പ്രേമികള്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കും. പ്രിയദര്ശന് സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ചിത്രമാണ്. അതിനൊപ്പം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കൂടി നേടിയെടുത്ത ഈ ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ, രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡിസംബര്‍ രണ്ടിന് ലോകം മുഴുവന്‍ രണ്ടായിരത്തില്‍ അധികം സ്ക്രീനുകളില്‍ മരക്കാര്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്.
അതിന്റെ ഭാഗമായി വലിയ ആഘോഷമാണ് മോഹന്‍ലാല്‍ ആരാധകര്‍ കേരളത്തിലും വിദേശത്തും സംഘടിപ്പിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു പോകുന്ന കാഴ്ചയാണ് നമ്മുക്ക് കാണാന്‍ സാധിക്കുന്നത്. ഇപ്പോഴിതാ ഫാന്‍സ് ഷോകളുടെ എണ്ണത്തിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മരക്കാര്‍. 409 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ നടത്തിയ ഒടിയന് എന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ഈ കാര്യത്തില്‍ ഒന്നാമന് എങ്കില്‍, ഇപ്പോഴിതാ അഞ്ഞൂറിലധികം ഫാന്‍സ് ഷോകള്‍ ആദ്യ ദിനം ചാര്‍ട്ട് ചെയ്തു കൊണ്ട് മരക്കാര്‍ ഒന്നാമത് എത്തിയിരിക്കുകയാണ്.
വെളുപ്പിന് നാലു മണിക്കും ഏഴു മണിക്കും ആയാണ് ഇപ്പോള്‍ ഭൂരിഭാഗം ഫാന്‍സ് ഷോകളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ തലേ ദിവസം രാത്രി തന്നെ വിദേശത്തു പ്രീമിയര്‍ നടക്കുന്നതിനാല്‍ വെളുപ്പിന് പന്ത്രണ്ടു മണിക്ക് തന്നെ കേരളത്തിലും ഷോ തുടങ്ങാനുള്ള അനുവാദം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അങ്ങനെ സംഭവിച്ചാല്‍ ഫാന്‍സ് ഷോകളുടെ എണ്ണം ആയിരം എന്ന മാന്ത്രിക സംഖ്യയില്‍ എത്തിച്ചു മറ്റാര്‍ക്കും തൊടാനാവാത്ത ഉയരത്തില്‍ എത്തിക്കാന്‍ തന്നെയാണ് മോഹന്‍ലാല്‍ ആരാധകരുടെ തീരുമാനം. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.