കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തിവച്ച മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണം പുനഃരാരംഭിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രീകരണം പുനഃരാരംഭിച്ചത്. സംവിധായകന് ജീത്തു ജോസഫ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
ഇന്ത്യയിലും വിദേശത്തുമായാണ് റാമിന്റെ ചിത്രീകരണം നടക്കുന്നത്. എറണാകുളം, ധനുഷ്കോടി, ഡല്‍ഹി, ഉസ്ബെക്കിസ്ഥാന്, കെയ്റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. തൃഷയാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജീത്തു ജോസഫ് ഇതുവരെ ചെയ്തിട്ടുള്ളതില്‍വച്ച് ഏറ്റവും ചിലവേറിയ ചിത്രമാണ് റാം.
2020 തുടക്കത്തിലാണ് റാമിന്റെ ചിത്രീകരണം തുടങ്ങിയത്. കൊവിഡ് വ്യാപിച്ചതോടെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തി. ഇന്ദ്രജിത്ത്, സുരേഷ് മേനോന്, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ, ആദില്‍ ഹുസൈന് എന്നിവരാണ് മറ്റു താരങ്ങള്‍. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. വി.എസ് വിനായക് എഡിറ്റിംഗും വിഷ്ണു ശ്യാം സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.