മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ ലൊക്കേഷന്‍ ഹണ്ട് അവസാനിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റില്‍ തുടങ്ങും. മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ പുതിയ ചിത്രത്തിലും ഉണ്ടാകും. സംവിധായകന് പൃഥ്വിരാജും സംഘവും ആറ് മാസത്തോളമായി ലൊക്കേഷന്‍ കണ്ടെത്താനുള്ള തിരച്ചിലില്‍ ആയിരുന്നു.
ഉത്തരേന്ത്യയില്‍ ആണ് ചിത്രത്തിന് അനുയോജ്യമായ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുള്ളത്. ആയിരക്കണക്കിന് വിഡിയോകളും ഫോട്ടോകളും പരീക്ഷിച്ച ശേഷമാണ് ലൊക്കേഷന്‍ ഉറപ്പിച്ചത്. ഒരു തെന്നിന്ത്യന്‍ ചിത്രത്തിന് വേണ്ടി നടത്തിയ ഏറ്റവും വലിയ ലൊക്കേഷന്‍ ഹണ്ട് ആണ് എമ്പുരാന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യ കൂടാതെ ആറ് രാജ്യങ്ങളില്‍ ചിത്രത്തിന് ലൊക്കേഷന്‍ ഉണ്ട്. പൃഥ്വിരാജിനൊപ്പം ഛായാഗ്രഹകന് സുജിത് വാസുദേവ്, കലാസംവിധായകന്‍ മോഹന്‍ദാസ്, അസോസിയേറ്റ് ഡയറക്റ്റര്‍ ബാവ തുടങ്ങിയവരാണ് ഉത്തരേന്ത്യയിലൂടെ യാത്ര ചെയ്തത്. രണ്ടാം ഭാഗത്തിനും മുരളി ഗോപി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.