തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന പ്രിയദര്ശന് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രത്തിനു വേണ്ടി മോഹന്‍ലാല്‍ നടത്തിയ വാള്‍പയറ്റ് പരിശീലനത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സംഘട്ടന രംഗങ്ങളുടെ ദൃശ്യവല്‍ക്കരണം ഉള്‍പ്പെടുന്ന ‘മരക്കാറി’ന്റെ ഒരു മേക്കിംഗ് വീഡിയോ ചിത്രത്തിന്റെ അണിയറക്കാര്‍ ഏതാനും ദിവസം മുന്‍പ് പുറത്തുവിട്ടിരുന്നു.
പരിശീലകരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് അനായാസം വാള് ചുഴറ്റുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ത്യാഗരാജനും തായ്ലന്ഡില് നിന്നുള്ള കസു നെഡയും ചേര്‍ന്നായിരുന്നു മരക്കാറിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയത്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു. രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.