മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സമൂഹമാധ്യമത്തിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലൊക്കേഷനില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുകയാണെന്നും ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണെന്നും മോഹന്‍ലാല്‍ കുറിച്ചു. ടീം ബറോസിനൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ പങ്കുനച്ചു. ടി.കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്, ആന്റണി പെരുമ്പാവൂര്‍, സിദ്ധു പനയ്ക്കല്‍ എന്നിവര്‍ക്കൊപ്പം പ്രണവ് മോഹന്‍ലാലിനേയും ചിത്രത്തില്‍ കാണാം.
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. 2019ലാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും ഔദ്യോഗിത ലോഞ്ച് നടന്നത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു. ത്രീഡി സാങ്കേതിക വിദ്യയില്‍ അതിനൂതനമായ ടെക്നോളജി ഉപയോഗിച്ചാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പീരിയഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ത്ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി എത്തുന്നതുമാണ് സിനിമയിലെ പ്രമേയം. ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പുകളില്‍ ആണ് എത്തുന്നത്. വിദേശ നടി പാസ് വേഗ, ഗുരു സോമസുന്ദരം എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.