“വിജയത്തിനൊരു ലഹരിയുണ്ട്. ആ ലഹരി നല്ലതാണ്. എന്നാൽ ലഹരി അധികമായാലും ആപത്താണ്.” തൃപ്പൂണിത്തുറ ജെടിപാക്കില്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍ കേരളയുടെ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയിൽ മോഹൻലാൽ പറഞ്ഞ വാക്കുകളാണിത്. ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ ഇന്നത്തെ കുട്ടികൾ ഭാഗ്യവാന്മാരാണ്. അത് കൊണ്ട് തന്നെ വിജയിക്കണമെന്ന ലക്ഷ്യം മാത്രമേ അവർക്കുള്ളു. ഈ വാശി നല്ലതാണു. പക്ഷെ ഇടക്കുണ്ടാകുന്ന പരാജയത്തെ കൂടി ഉൾകൊള്ളാൻ പഠിക്കണം. വിജയം ഒരുതരം ലഹരിയാണ്. ആ ലഹരി അധികമായാൽ അത് ബോധത്തെ കൂടി ഇല്ലാതാക്കുമെന്നും താരം പറഞ്ഞു.
നമ്മുടെ ആരോഗ്യം പോലെയാണ് നമ്മുടെ വിജയവും. എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. ആ പരാജയത്തെ ഉൾകൊള്ളാൻ കൂടി ഓരോരുത്തരും പ്രാപ്തരാകണം, ഇന്നത്തെ തലമുറയുടെ മനസ്സിൽ പരാജയം ഇല്ല, പകരം വിജയം മാത്രമേ ഉള്ളു. അത് കൊണ്ട് തന്നെ ഒരു പരാജയം ഉണ്ടായാൽ അത് അവരെ മാനസികമായി പിരിമുറുക്കത്തിൽ ആക്കുന്നു. എന്റെ കാര്യത്തിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ട്ടപെട്ടു ഒരു പാട് സിനിമകൾ ചെയ്തിട്ടുണ്ട്. അതിൽ കുറച്ചൊക്കെ പരാജയപ്പെട്ടിട്ടുമുണ്ട്. അതിൽ സങ്കടം തോന്നിയിട്ടുണ്ട് എന്നാൽ ആ പരാജയങ്ങൾ തന്നെ തളർത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.