മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് എതിരെ പരാതിയുമായി യുവതി രംഗത്ത്. സംവിധായക മോനിഷ മോഹൻ മേനോൻ ആണ് സന്തോഷിന് എതിരെ പരാതി നൽകിയത്. സന്തോഷിന് എതിരെ താൻ പരാതി നൽകിയത് അയാൾ അപമാനിച്ച എല്ലാ സ്ത്രീകൾക്കും വേണ്ടി കൂടിയാണെന്നും മോനിഷ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മോനിഷ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നടിമാരായ നിത്യ മേനോനോടും നിഖില വിമലിനോടുമുള്ള പ്രണയത്തിനു ശേഷം ആയിരുന്നു പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി കഴിഞ്ഞയിടെ രംഗത്തെത്തിയത്. സംവിധായക ആയ മോനിഷയോട് ആയിരുന്നു സന്തോഷിന്റെ അടുത്ത പ്രണയം. കായംകുളം കൊച്ചുണ്ണി, പ്രതി പൂവൻകോഴി എന്നീ സിനിമകളിൽ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മോനിഷ മോഹൻ മേനോൻ.
പ്രതി പൂവൻ കോഴി കാണാൻ ലുലുമാളിൽ പോയപ്പോൾ സിനിമ കണ്ടിറങ്ങിയ സമയത്താണ് ഇവരെ കണ്ടതെന്നും ഫസ്റ്റ് സൈറ്റിൽ തന്നെ അവരെ ഇഷ്ടപ്പെട്ടെന്നും അവർ തന്റെ കൂടെ ഫോട്ടോയെടുത്തത് വളരെ സന്തോഷത്തോടു കൂടിയാണെന്നും സന്തോഷ് പറഞ്ഞു. അവർക്കും തന്നെ ഇഷ്ടപ്പെട്ടതാണെന്നും എന്നാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാതിരുന്നതാണ് തനിക്ക് പറ്റിയ അബദ്ധമെന്നും സന്തോഷ് പറഞ്ഞിരുന്നു. ഫോൺ നമ്പറിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടെന്നും പക്ഷേ, ഇതുവരെയും കിട്ടിയില്ലെന്നും പറഞ്ഞ സന്തോഷ് ആർക്കെങ്കിലും അവരുടെ നമ്പർ അറിയാമെങ്കിൽ തരണമെന്നും അഭ്യർത്ഥിച്ചിരുന്നെന്നും. സന്തോഷിന്റെ ഈ വീഡിയോയ്ക്ക് പിന്നാലെയാണ് മോനിഷ പൊലീസിൽ പരാതി നൽകിയത്. മോഹൻലാൽ നായകനായ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പല അഭിമുഖങ്ങളിലും സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നിത്യ ഇയാൾക്ക് എതിരെ ഒരു അഭിമുഖത്തിൽ പരസ്യമായി രംഗത്തെത്തി. തന്നെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തുന്ന ഒരാൾ ആയിരുന്നു ഇയാൾ എന്നും ഇയാൾ കാരണം തനിക്ക് നിരവധി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. അഞ്ചാറ് വർഷമായി തന്റെ പിന്നാലെയാണ് ഇയാളെന്നും നിത്യ പറഞ്ഞു.