വാഗമണില്‍ നടന്ന ഓഫ് റോഡ് റൈഡ് കേസില്‍ നടന് ജോജു ജോര്‍ജിനെതിരെ നടപടി കടുപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് നോട്ടിസ് അയച്ചിട്ടും ജോജു ഹാജരായില്ല. കാരണം കാണിക്കല്‍ നോട്ടിസ് അയച്ച ശേഷം ലൈസന്‍സ് റദ്ദാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനമെന്നാണ് വിവരം.
റൈഡില്‍ അപകടകരമായ രീതിയില്‍ വണ്ടിയോടിച്ചതിന് കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. 18ന് ആര്‍ടിഒ ഓഫിസില്‍ എത്തുമെന്ന് ഫോണില്‍ അറിയിച്ചിരുന്നെങ്കിലും ജോജു ഹാജരായില്ല. മാത്രമല്ല എത്തുകയില്ലെന്ന കാര്യവും ജോജു വിളിച്ചറിയിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഓഫ് റോഡ് റൈഡില്‍ പങ്കെടുത്തതിന് ജോജു ജോര്‍ജിനെതിരെയും സംഘാടകര്‍ക്കെതിരെയും കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്. ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ജോജുവിന്റെ വിഡിയോ വൈറലായതിന് പിന്നാലെയായിരുന്നു പരാതിയുമായി ടോണി തോമസ് പൊലീസിനെ സമീപിച്ചത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് തള്ളി സംഘാടകര്‍ രംഗത്തെത്തിയിരുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെന്നും അനുമതിയോടെയാണ് റൈഡ് സംഘടിപ്പിച്ചതെന്നുമായിരുന്നു സംഘാടകര്‍ പറഞ്ഞത്.