പ്രശസ്ത സംഗീതസംവിധായകൻ എം എസ് ബാബുരാജ് ഒരുക്കിയ ഗാനങ്ങൾ റീമിക്സ് ചെയ്ത് ഉപയോഗിച്ചതിൽ പ്രതിഷേധവുമായി ബാബുരാജിന്റെ കുടുംബം. ഭാഗവീനിലയം എന്ന സിനിമയിലെ ഗാനങ്ങളാണ് നീലവെളിച്ചം എന്ന സിനിമയ്ക്കു വേണ്ടി റീമിക്സ് ചെയ്തത്. സംഭവത്തിൽ നീലവെളിച്ചം സിനിമയുടെ നിർമാതാവും സംവിധായകനുമായ ആഷിഖ് അബുവിന് എതിരെ വക്കീൽ നോട്ടീസ് അയച്ചു.
ഇതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് ബാബുരാജിന്റെ മകൻ എം എസ് ജബ്ബാർ പരാതി നൽകുകയും ചെയ്തു. ബാബുരാജിന്റെ സംഗീതത്തിന്റെ സ്വാഭാവികത്തനിമയും മാസ്മരികതയും നശിപ്പിക്കുന്ന റീമിക്സ് ഗാനങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്നും ടി വി ചാനലുകളിൽ നിന്നും പിൻവലിക്കണമെന്നാണ് ആവശ്യം.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയ്ക്കു ബഷീർ തന്നെ തിരക്കഥ എഴുതി എ.വിൻസന്റിന്റെ സംവിധാനത്തിൽ 1964ൽ പുറത്തിറങ്ങിയ ചിത്രമാണു ‘ഭാർഗവീനിലയം’. അതേ കഥ അടിസ്ഥാനമാക്കിയാണു ടോവിനോയെ നായകനാക്കി ആഷിഖ് അബു ‘നീലവെളിച്ചം’ ഒരുക്കുന്നത്. ‘ഭാർഗവീനിലയ’ത്തിലെ പാട്ടുകൾ ‘നീലവെളിച്ച’ത്തിനു വേണ്ടി ബിജിബാലിന്റെ സംഗീതത്തിൽ പുതുതായി പാടി യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്.