ഹൃദയത്തിലെ സൂപ്പർഹിറ്റായ ഗാനത്തിന് ശേഷം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി ഹിഷാം അബ്ദുൾ വഹാബ് ഈണമിട്ട മറ്റൊരു ഗാനവും പുറത്തിറങ്ങിയിരിക്കുന്നു. ആനപ്പറമ്പിലെ വേൾഡ് കപ്പിലെ മുഹബത്തിൻ ഇശലുകൾ എന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ഷക്കില അബ്ദുൽ വഹാബിന്റേതാണ് വരികൾ. ഹിഷാം അബ്ദുൾ വഹാബ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും.
ആന്റണി വർഗീസ് നായകനാകുന്ന ആനപ്പറമ്പിലെ വേൾഡ് കപ്പിന്റെ സംവിധാനം നിഖിൽ പ്രേംരാജാണ്. സംസ്ഥാനത്തെ സെവന്‍സ് ടൂര്‍ണമെന്റുകളില്‍ പന്ത് തട്ടുന്ന ഹിഷാം എന്ന കഥാപാത്രമായാണ് ആന്റണി ചിത്രത്തിലെത്തുന്നത്. ഒരു പ്രമുഖ ക്ലബ് സംഘടിപ്പിക്കുന്ന അണ്ടര്‍-12 ചാമ്പ്യന്‍ഷിപ്പിനുവേണ്ടി ഒരു സംഘം കുട്ടികളെ പരിശീലിപ്പിക്കാന്‍ ഹിഷാം ഇറങ്ങുന്നതാണ് ചിത്രത്തിന്റെ കഥ. ആനപ്പറമ്പ് എന്ന സാങ്കല്‍പ്പിക ഗ്രാമമാണ് കഥാപശ്ചാത്തലമെങ്കിലും മലപ്പുറമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.
ആന്റണി വർഗീസിനെ കൂടാതെ ബാലു വർഗീസ്, ഐ.എം വിജയൻ, ലുക്മൻ, ടി.ജി രവി, ജോൾപോൾ അഞ്ചേരി, ജേസ് ജോസ്, നിഷാന്ത് സാഗർ, ആസിഫ് സഹീർ, അർച്ചന വാസുദേവ് തുടങ്ങി ഒളിംപിക് ഗോളിലൂടെ ലോക ശ്രദ്ധ നേടിയ കൊച്ചു മിടുക്കൻ ഡാനിഷ് അടക്കം പുതു മുഖങ്ങളായ ഏഴ് കുട്ടികൾ ഈ സിനിമയിൽ അരങ്ങേറുന്നു. ക്യാമറ- ഫായിസ് സിദ്ദിഖ്, പ്രൊഡക്ഷൻ- കൺട്രോളർ ബാദുഷ, സംഗീതം- ജേക്സ് ബിജോയ്.