ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പരാതിയുമായി നടനും എംഎല്‍എയുമായ മുകേഷിനെ വിളിച്ച് ആരാധകര്‍. അറസ്റ്റിനു പിന്നില്‍ വേറെ കളികളുണ്ടെന്നും ഒന്നിടപെടണമെന്നും മുകേഷിനോട് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുകേഷിന് കാര്യം മനസ്സിലായില്ല. ‘എന്താണ് ഇ-ബജറ്റോ? എന്താ സംഭവം..’ എന്ന് മുകേഷ് മറുപടി നല്കി.
വിളിച്ചയാള്‍ ‘ഇ-ബുള്‍ ജെറ്റ്’ എന്ന് പല തവണ പറഞ്ഞെങ്കിലും ഇ ബഡ്ജറ്റെന്നും ഇ ബുള്ളറ്റെന്നുമൊക്കെയാണ് മുകേഷ് കേട്ടത്. വിളിച്ച ആള് കോതമംഗലത്തുനിന്നായതിനാല്‍ നിങ്ങള്‍ കോതമംഗലം ഓഫിസില്‍ പറയു എന്നും എംഎല്‍എ പറയുന്നുണ്ട്. നേരത്തേയും ഇത്തരം ഫോണ്‍ വിളികള്‍ കാരണം മുകേഷ് പുലിവാല് പിടിച്ചിട്ടുണ്ട്.
ഈ ഫോണ്‍വിളിയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. രസകരമായ സംഭാഷണം പ്രേക്ഷകരും ഏറ്റെടുത്തു. വിഷയത്തില്‍ പ്രതികരിച്ച് മുകേഷ് തന്നെ രംഗത്തുവരുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട ട്രോള്‍ പങ്കുവച്ചായിരുന്നു മുകേഷിന്റെ പ്രതികരണം. ‘ഓരോരോ മാരണങ്ങളെ… നല്ല ട്രോള്‍’.- എന്നാണ് ട്രോള്‍ പങ്കുവച്ച് മുകേഷ് കുറിച്ചത്. ‘കേരളത്തില്‍ നടക്കുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാന്‍ നാട്ടുകാര്‍ തന്നെ വിളിക്കുന്ന കാണുന്ന മുകേഷേട്ടന്…ഇതൊക്കെ എന്തിനാടാ എന്നോട് പറയുന്നേ’-ഇതായിരുന്നു ട്രോളിലെ ഡയലോഗ്.