കഴിഞ്ഞദിവസം ആയിരുന്നു ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് എ ആർ റഹ്മാൻ ജോർദാനിൽ എത്തിയത്. തിങ്കളാഴ്ച ജോർദാനിൽ എത്തിയ അദ്ദേഹം രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് എത്തിയത്. ആടുജീവിതം സിനിമയുടെ സ്കോർ ചെയ്യുന്ന അദ്ദേഹം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന വാദി റം എന്ന സ്ഥലത്ത് എത്തി. എ ആർ റഹ്മാൻ സെറ്റിൽ എത്തിയതിന്റെ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. ‘ഞങ്ങളുടെ സംഘത്തെ പ്രോത്സാഹിപ്പിക്കാൻ ആരാണ് എത്തിയിരിക്കുന്നതെന്ന് നോക്കൂ’ എന്ന കുറിപ്പോടെയാണ് എ ആർ റഹ്മാന് ഒപ്പമുള്ള ചിത്രം പൃഥ്വിരാജ് പങ്കുവെച്ചത്. ചിരിച്ചു കൊണ്ടു നിൽക്കുന്ന എ ആർ റഹ്മാന്റെ മുമ്പിൽ വിനയാന്വിതനായി നിൽക്കുന്ന പൃഥ്വിരാജ് ആണ് ചിത്രത്തിലുള്ളത്.
‘ആടുജീവിതം സംഘത്തെ പ്രോത്സാഹിപ്പിക്കാൻ ജോർദാനിലെ വാദി റമ്മിൽ ആരാണ് എത്തിയിരിക്കുന്നതെന്ന് നോക്കൂ. ഞങ്ങൾ വളരെ സ്പെഷ്യലാണെന്ന ഫീൽ നൽകിയതിന് എ ആർ റഹ്മാൻ സാറിന് നന്ദി’ – ചിത്രം പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു. എഴുത്തുകാരൻ ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘ആടുജീവിതം’ സിനിമ ഒരുങ്ങുന്നത്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ആണ് പ്രധാനവേഷത്തിൽ എത്തുന്നത്. കേരളത്തിൽ നിന്ന് ഗൾഫിൽ എത്തിയ കുടിയേറ്റ തൊഴിലാളിയുടെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമാണ് ആടുജീവിതം പറയുന്നത്.
തിരക്കേറിയ ഷെഡ്യൂളുകൾക്ക് ഇടയിലും ആടുജീവിതം ഷൂട്ടിംഗ് ലൊക്കേഷനിൽ ടീമിനൊപ്പം ചേരാൻ റഹ്മാൻ തീരുമാനിക്കുകയായിരുന്നു. ‘ഇത് വളരെ പ്രത്യേകതയുള്ള സിനിമയാണ്. ഇത് മനുഷ്യത്വത്തെക്കുറിച്ചുള്ള സിനിമയാണ്. ബ്ലെസിയെപോലുള്ള സംവിധായകൻ ഈ ചിത്രത്തിന് എല്ലാം നൽകിയിട്ടുണ്ട്. മുഴുവൻ ടീമിനും പ്രതിബദ്ധതയുണ്ട്. പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ഞാൻ ലൊക്കേഷനിലേക്ക് പോകുന്നത്’ – അമ്മനിൽ എത്തിയ എ ആർ റഹ്മാൻ കഴിഞ്ഞദിവസം ജോർദാൻ ടൈംസിനോട് പറഞ്ഞു. ചിത്രത്തിന്റെ സ്കോറിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് റഹ്മാൻ വ്യക്തമാക്കി.
View this post on Instagram