മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്. ലൂസിഫറിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. മുരളി ഗോപിയുടേതാണ് രചന. ചിത്രത്തിന്റെ സ്ക്രിപ്റ്റും ലൊക്കേഷന്‍ ഹണ്ടും ഇതിനോടകം പൂര്‍ത്തിയായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകന് ദീപക് ദേവ്.
എമ്പുരാന്റെ പണി തുടങ്ങിയിട്ടുണ്ടെന്ന് ദീപക് ദേവ് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ട് കുറച്ച് മാസം കഴിഞ്ഞിട്ടേ ആരംഭിക്കൂ. തന്റെ പണി തുടങ്ങിയെന്നും ദീപക് ദേവ് പറഞ്ഞു. ആശാ ശരത്തിന്റെ മകള്‍ ഉത്തരയുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ ആയിരുന്നു ദീപക്കിന്റെ പ്രതികരണം. പത്താം മാസത്തില്‍ എമ്പുരാന്റെ ഷൂട്ടിംഗ് ചിലപ്പോള്‍ ആരംഭിക്കുമെന്ന സൂചനയും അദ്ദേഹം നല്കി.
അതേസമയം, എമ്പുരാന്റെ ഷൂട്ടിംഗ് ഓഗസ്റ്റില്‍ തുടങ്ങുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആറു മാസത്തോളമായി നടന്ന ലൊക്കേഷന്‍ ഹണ്ട് യാത്രകള്‍ ഉത്തരേന്ത്യയില്‍ അടുത്തിടെയാണ് അവസാനിച്ചത്. ഹോളിവുഡ് ചിത്രത്തിന് സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചനകള്‍. മഞ്ജു വാര്യര്‍, ടൊവിനൊ തോമസ് തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.