ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചും പ്രതിസന്ധിഘട്ടങ്ങളെ നേരിടുന്നതിനെക്കുറിച്ചും എല്ലാം മനസു തുറക്കുകയാണ് സംഗീതസംവിധായകൻ ഗോപി സുന്ദർ. തനിച്ചാണെങ്കിലും താൻ എപ്പോഴും ഹാപ്പി ആണെന്ന് വ്യക്തമാക്കുകയാണ് ഗോപി സുന്ദർ. ജീവിതത്തിൽ നിലവിൽ മൊബൈൽ ഓഫ് ചെയ്തു വെച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്നും തന്റേതായ കാര്യങ്ങളുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും ഗോപി സുന്ദർ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘ആദ്യ ചിത്രം ‘ഫ്ളാഷി’ല്‍ ഞാനൊരു പാട്ട് ചെയ്തിട്ടുണ്ടായിരുന്നു. ‘നിന് ഹൃദയ മൗനം’ എന്ന നല്ലൊരു റൊമാന്റിക് മെലഡി. ഞാന്‍ വളരെ ഫീല്‍ ചെയ്ത് ഇഷ്ടപ്പെട്ട് ചെയ്ത പാട്ടാണ്. പ്രേക്ഷകര്‍ അത് ശ്രദ്ധിക്കുമെന്നും ഏറ്റെടുക്കുമെന്നുമായിരുന്നു എന്റെ വിശ്വാസം. പക്ഷേ ആ പാട്ട് ടിവിയിലൊന്നും വന്നില്ല. സിനിമയുടെ ബേസിക് കണ്ടന്റ് എല്ലാം കാണിക്കുന്ന പാട്ടായത് കൊണ്ട് ഇടാന്‍ പറ്റില്ല എന്നാണ് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് എനിക്കന്ന് ലഭിച്ച ഉത്തരം. 2007ലെ കാര്യമാണ്. ഇന്നത്തെ പോലെ ലിറിക്കല്‍ വീഡിയോ ഒന്നും ഇല്ലാത്ത കാലമാണ്. ആ പാട്ടൊന്ന് ടിവിയിലൊക്കെ വന്നിരുന്നുവെങ്കില്‍ എന്ന് ഞാനന്ന് ആഗ്രഹിച്ചിട്ടുണ്ട്. ആ ആഗ്രഹം അതോടെ തീരുകയും ചെയ്തു’. ഗോപി സുന്ദർ പറഞ്ഞു.
ട്രോളുകൾ കൊണ്ടൊന്നും ഇല്ലാതാവുന്നില്ലെന്നും തന്റെ വ്യക്തിജീവിതം എന്ന വാക്കില്‍ തന്നെ സ്വകാര്യത എന്നർഥമുണ്ടെന്നും ഈ സ്വകാര്യതയില്‍ ഇടപെടുന്നത് തന്നെ തെറ്റാണെന്ന് അതില്‍ അര്‍ഥമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആകെ കുറച്ച് സമയമാണ് നമ്മള് ജീവിക്കുന്നത്. അത് നമുക്ക് ഇഷ്ടമുള്ള പോലെ ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് ജീവിതം. അത് സന്തോഷമായിട്ട് ജീവിക്കുക. നമ്മുടെ ഇഷ്ടമാണ്. അതിൽ വേറൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ അടുത്ത് നേരിട്ട് വന്ന് പറയാം. അല്ലാതെ ഒരാളോട് വിഭിന്നാഭിപ്രായം ഉണ്ടെങ്കില്‍ കാണുന്നിടത്തെല്ലാം വച്ച് അയാളെ ചീത്ത വിളിക്കുകയും അസഭ്യം പറയുകയും അല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
തന്റേതായ കാര്യങ്ങളുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്ന് പറഞ്ഞ ഗോപി സുന്ദർ സിനിമയില്‍ ചാന്‍സ് ഉണ്ടോ ഇല്ലയോ എന്നുള്ളതൊന്നും തന്നെ ബാധിക്കുന്നില്ലെന്നും വ്യക്തമാക്കി. ഒറ്റക്കാണെങ്കിലും ഹാപ്പിയാണെന്നും പ്രകൃതിയും മറ്റും ആസ്വദിച്ച് ഞാനവിടെ സന്തോഷമായിട്ട് ഇരുന്നോളുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ പറഞ്ഞ പോലെ വലിയ ആഗ്രഹങ്ങളോ ഇന്നത് നേടിയെടുക്കണമെന്നോ തനിക്കില്ല. പത്താം ക്ലാസ് തോറ്റപ്പോഴും ബാക്കിയുള്ളവര്‍ക്കേ അന്ന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുള്ളൂവെന്നും തനിക്കില്ലായിരുന്നെന്നും, താനന്നും ഹാപ്പിയാണെന്നും ഗോപി സുന്ദർ വ്യക്തമാക്കി.