പുതിയ ആൽബത്തിലെ ലിപ് ലോക്ക് സീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ കേരളത്തിൽ ഉള്ളവരുടെ ലൈംഗികദാരിദ്ര്യം മനസിലായെന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദർ ഇക്കാര്യം പറഞ്ഞത്. മ്യൂസിക് ആൽബത്തിന്റെ നല്ല ഭംഗിയുള്ള ഒരു പോസ്റ്റർ ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ വലിയ റീച്ച് കിട്ടിയില്ല. അതുകൊണ്ടാണ് അടുത്ത വീഡിയോയിൽ ചുംബനരംഗം പോസ്റ്റ് ചെയ്യാമെന്ന് കരുതിയതെന്നും ഗോപി സുന്ദർ പറഞ്ഞു.
രണ്ടാളും ഒന്നിച്ച് ഒരു മ്യൂസിക് വീഡിയോ പുറത്തു വിട്ടിരുന്നു. ഗോപി സംഗീതം നൽകി ഗോപിയും അമൃതയും ചേർന്ന് പാടിയത് ആയിരുന്നു അത്. ‘തൊന്തരവ്’ എന്ന ആൽബത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ഏറെ വൈറലായ ഗാനത്തിന് മോശം കമന്റുകളും വന്നിരുന്നു. അതേസമയം, അത്തരത്തിൽ ഒരു പോസ്റ്റ് പങ്കുവെക്കാനുള്ള കാരണവും ഗോപി സുന്ദർ വ്യക്തമാക്കി.
‘ആൽബത്തിന്റെ നല്ല ഭംഗിയുള്ള പോസ്റ്റർ ഇട്ടപ്പോൾ അത് ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടു മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴും അതിന് കുറച്ച് കമന്റ്സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ആ മ്യൂസിക് ആൽബം ഇറക്കിയാൽ ആരും കാണില്ല എന്ന് തോന്നി. അപ്പോഴാണ് ആൽബത്തിലെ കിസ്സിങ്ങ് സീൻ റിലീസ് ചെയ്യാം എന്ന് തോന്നിയത്. ആ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ലൈംഗികദാരിദ്ര്യം എത്രമാത്രം ഉണ്ടെന്ന് എനിക്ക് മനസിലായത്. ആ പോസ്റ്റ് കണ്ട് സന്തോഷിക്കുന്നവരുണ്ട്. കപടമായി ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരുമുണ്ട്.’ എന്തായാലും തന്റെ ഉദ്ദേശം നടന്നെന്നും ആ പാട്ട് നല്ല രീതിയിൽ റീച്ച് ആകണം എന്നേ ഉണ്ടായിരുന്നുള്ളൂ എന്നും ഗോപി സുന്ദർ പറഞ്ഞു. ഇത് തന്നെയാണ് എല്ലാവരും ചെയ്യുന്നതെന്നും ഇതെല്ലാം മാർക്കറ്റിംഗ് തന്ത്രങ്ങൾ ആണെന്നും ഗോപി സുന്ദർ പറഞ്ഞു. പ്രണയം തുറന്നു പറഞ്ഞുള്ള ഫോട്ടോ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ നെഗറ്റീവ് കമന്റുകൾ വരുമെന്ന് അറിയാമായിരുന്നെന്നും ഗോപി സുന്ദർ വ്യക്തമാക്കി.