പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബീസ്റ്റ് റിലീസ് തമിഴ്നാട്ടില്‍ തടയണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷന്‍ വി.എം.എസ് മുസ്തഫയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തില്‍ ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നു എന്നതാണ് പ്രധാന ആരോപണം. റിലീസ് തടയണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്.കെ. പ്രഭാകറിന് ലീഗ് കത്തുനല്‍കി.
തീവ്രവാദം, ബോംബാക്രമണം എന്നിവയ്ക്കെല്ലാം പിന്നില്‍ ഇസ്ലാം മതവിശ്വാസികള്‍ മാത്രമാണെന്ന തരത്തില്‍ സിനിമ വളച്ചൊടിക്കുകയാണ്. ഇത് ഖേദകരമാണ്. ‘ബീസ്റ്റ്’ പ്രദര്‍ശനത്തിനെത്തിയാല്‍ അസാധാരണ സാഹചര്യത്തിലേക്ക് അത് നയിക്കുമെന്നും കത്തില്‍ പറയുന്നു. ബീസ്റ്റ് എന്തുകൊണ്ട് കുവൈറ്റില്‍ നിരോധിച്ചു എന്നതും കത്തില്‍ ചൂണ്ടിക്കാട്ടി. കുവൈറ്റിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇസ്ലാമിക ഭീകരതയുടെ ദൃശ്യങ്ങള്‍ ചിത്രത്തില്‍ കാണിക്കുന്നതിനാലാണ് ചിത്രം വിലക്കാന്‍ കാരണമെന്നും കത്തില്‍ പറയുന്നു.
ഏപ്രില്‍ പതിമൂന്നിനാണ് ലോകമെമ്പാടും ബീസ്റ്റ് റിലീസിനൊരുങ്ങുന്നത്. നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മാളില്‍ തീവ്രവാദികള്‍ ജനങ്ങളെ ബന്ദികളാക്കുന്നതും വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതുമാണ് ട്രെയ്ലറിലുള്ളത്. സെല്വരാഘവന്, യോഗി ബാബു, മലയാളി താരം ഷൈന്‍ ടോം ചാക്കോ, പൂജ ഹെഗ്ഡെ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.