വിശാലും പ്രസന്നയും അഭിനയിച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ തുപ്പരിവാലന് രണ്ട് വർഷങ്ങൾക്ക് ശേഷം സൈക്കോയുമായി സംവിധായകൻ മിസ്കിൻ എത്തിയിരിക്കുകയാണ്. രാജ്കുമാർ, ഉദയനിധി സ്റ്റാലിൻ, അദിതി റാവു ഹൈദരി, നിത്യ മേനോൻ, രാം, സിംഗംപുലി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ഇളയരാജ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന സൈക്കോ അംഗുളിമല എന്ന സൈക്കോ കില്ലറുടെ കഥയാണ് പറയുന്നത്. കാഴ്ച വൈകല്യമുള്ള നായകൻ തന്റെ കാമുകിയെ ഈ സൈക്കോയിൽ നിന്നും രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഈ അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ തുപ്പരിവാലന്റെ ലൊക്കേഷനിൽ നടന്ന രസകരമായ ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് മിസ്കിൻ. ഒരു എസ്കലേറ്ററിൽ വെച്ചായിരുന്നു ഷൂട്ട്. ഒരു കുർത്തയായിരുന്നു അനു ഇമ്മാനുവേലിന്റെ വേഷം. ആൻഡ്രിയയാകട്ടെ ജീൻസിലും. അനുവിനോട് സൂക്ഷിക്കണം എന്ന് പറഞ്ഞ ആൻഡ്രിയയോട് തന്റെ കാര്യം നോക്കിയാൽ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് സംവിധായകനെ ദേഷ്യം പിടിപ്പിച്ചു. അപ്പോൾ കൈയ്യിൽ എന്തെങ്കിലും കിട്ടിയിരുന്നേൽ അത് എടുത്ത് അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിസ്കിൻ പറഞ്ഞത്.