തെന്നിന്ത്യയിലെ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്ന ‘പുഷ്പ’യുടെ നിർമാതാക്കൾ മലയാളത്തിലേക്ക്. പുഷ്പയുടെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് ആണ് മലയാളത്തിൽ സിനിമ എടുക്കുന്നത്. ടോവിനോ തോമസിനെ നായകനാക്കിയാണ് സിനിമ എടുക്കുന്നത്. ഒരുപിടി വമ്പൻ ഹിറ്റുകൾ ആണ് തെലുങ്ക് സിനിമയിൽ മൈത്രി മൂവി മേക്കേഴ്സ് സമ്മാനിച്ചിട്ടുള്ളത്.
മഹേഷ് ബാബു നായകനായ ചിത്രം ശ്രീമന്തുഡു, മോഹൻലാൽ – ജൂനിയർ എൻ ടി ആർ ചിത്രം ജനത ഗാരേജ്, റാം ചരൺ ചിത്രം രംഗസ്ഥലം, നാനി ചിത്രം ഗ്യാങ് ലീഡർ, അല്ലു അർജുൻ ചിത്രം പുഷ്പ, മഹേഷ് ബാബു ചിത്രം സർക്കാർ വാരി പാട്ട എന്നിവയൊക്കെ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമിച്ചത്. പുഷ്പ 2 നിർമിക്കുന്നതും മൈത്രി മൂവി മേക്കേഴ്സ് ആണ്.
ഡോക്ടർ ബിജു സംവിധാനം ചെയ്യാൻ പോകുന്ന ‘അദൃശ്യജാലകങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് മലയാളത്തിലെത്തുന്നത്. ചിത്രത്തിൽ ടോവിനോ തോമസ് നായകനായി എത്തുന്നു. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, എല്ലാനാർ ഫിലിംസ് പ്രൊഡക്ഷൻസ് എന്നിവരും ചിത്രത്തിന്റെ സഹനിർമ്മാതാക്കളാകും. നിമിഷ സജയൻ ആയിരിക്കും നായിക. ഒരു പ്രധാന വേഷത്തിൽ ഇന്ദ്രൻസും എത്തുന്നുണ്ട്. യദു രാധാകൃഷ്ണൻ ആണ് ക്യാമറ. എഡിറ്റ് ചെയ്യുന്നത് ഡേവിസ് മാനുവൽ. ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡിറക്ടറും ഡേവിസ് മാനുവൽ തന്നെയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം, ജൂണിൽ ടോവിനോ നായകനായ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്യും. വിനീത് കുമാർ സംവിധാനം ചെയ്ത ഡിയർ ഫ്രണ്ട്, വിഷ്ണു ജി രാഘവ് ഒരുക്കിയ വാശി എന്നീ ചിത്രങ്ങളാണ് ജൂണിൽ റിലീസ് ആകുക.