തെന്നിന്ത്യന്‍ താരം സാമന്ത പേരില്‍ മാറ്റം വരുത്തിയത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം നാഗചൈതന്യയെ വിവാഹം കഴിച്ച ശേഷം തന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലെല്ലാം സാമന്ത അക്കിനേനി എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാലിപ്പോള്‍ അക്കിനേനി എന്ന പേര് താരം മാറ്റി എസ് എന്ന അക്ഷരം മാത്രം ഉപയോഗിച്ചതാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെ ഇരുവരും വിവാഹമോചിതരാകാന്‍ ഒരുങ്ങുകയാണെന്നും വാര്‍ത്ത പ്രചരിച്ചു. പക്ഷെ നാഗ ചൈതന്യക്കും ചിലതെല്ലാം പറയാനുണ്ട്. ഫിലിം കംപാനിയന് സൗത്തിന് വേണ്ടി അടുത്തിടെ ബരദ്വാജ് രംഗനുമായുള്ള ഒരു അഭിമുഖത്തില്‍ നാഗ ചൈതന്യ വിവാഹമോചന വാര്‍ത്തകളോട് പ്രതികരിച്ചിരുന്നു.
‘തുടക്കത്തില്‍ ഇത് അല്‍പ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് കാര്യങ്ങള്‍ ഈ വഴിക്ക് പോകുന്നത് എന്ന് ചിന്തിച്ചു. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വാര്‍ത്തകള്‍ വാര്‍ത്തകള്‍ക്ക് പകരമായി വരും എന്ന് ഞാന്‍ പഠിച്ചു. അത് ആളുകളുടെ മനസ്സില്‍ അധികകാലം നിലനില്‍ക്കില്ല. യഥാര്‍ത്ഥ വാര്‍ത്തകള്‍, പ്രാധാന്യമുള്ള വാര്‍ത്തകള്‍, നിലനില്ക്കും. എന്നാല്‍ ഉപരിപ്ലവമായ, ടിആര്‍പികള്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന വാര്‍ത്തകള്‍ വിസ്മരിക്കപ്പെടുന്നു. ഒരിക്കല്‍ ഞാന്‍ ഈ നിരീക്ഷണം നടത്തിയപ്പോള്‍, അക്കാര്യങ്ങള്‍ എന്നെ ബാധിക്കുന്നത് അവസാനിച്ചു,’ നാഗചൈതന്യ പറഞ്ഞു
കുറച്ചു ദിവസം മുമ്പ് ഒരു റിപ്പോര്‍ട്ടര്‍ ക്ഷേത്ര ദര്‍ശനം നടത്തി വരവേ സമാന്തയോട് ഇക്കാര്യം ചോദിച്ചതും, അവര്‍ പൊട്ടിത്തെറിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നിരിക്കുന്ന ഏറ്റവും പുതിയ വാര്‍ത്തയില്‍ ബന്ധം പിരിയാനുള്ള കാരണങ്ങളായി ചില പരാമര്‍ശങ്ങളുണ്ട്. സമാന്ത എപ്പോഴും സിനിമയെ സ്നേഹിച്ചിരുന്നു. ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച സാം സിനിമകളിലൂടെ ഏറെ അംഗീകാരം നേടി. വിവാഹശേഷവും ഗ്ലാമര്‍ ലോകം ഉപേക്ഷിക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. ഇതായിരിക്കാം വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനിടെ സാമന്ത ‘ഫാമിലി മാന്‍ -2’ എന്ന പേരില്‍ ഒരു വെബ് സീരീസില്‍ വളരെ ബോള്‍ഡായ ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. ഇത് അക്കിനേനി കുടുംബാംഗങ്ങളെ വളരെയധികം അസ്വസ്ഥരാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതിന് ശേഷം ഇരുവരെയും കുടുംബ കോടതിയില്‍ പലതവണ കൗണ്‍സിലിംഗ് ചെയ്തതായി വാര്‍ത്തകളുണ്ട്. എന്നാല്‍ കൗണ്‍സിലിംഗിന് ശേഷവും ഇരുവരുടെയും തീരുമാനം മാറിയില്ല, വിവാഹമോചനം ഉറപ്പാണെന്നാണ് സൂചന. അതേ സമയം വിവാഹമോചനത്തിലൂടെ ജീവനാംശമായി സമാന്തയ്ക്ക് 50 കോടി രൂപ ലഭിക്കുമെന്നാണ് വിവരം.