ട്രാഫിക് എന്ന സിനിമയിലൂടെ ബിഗ് സ്ക്രീനിൽ എത്തി പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറിയ താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിൽ നായികയായി എത്തിയ നമിത അതിനു ശേഷം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി മാറി. സൗണ്ട് തോമാ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, കമ്മാരസംഭവം, അടി കപ്യാരേ കൂട്ടമണി, റോൾ മോഡൽസ് തുടങ്ങിയ സിനിമകളിലും നമിത പ്രമോദ് അഭിനയിച്ചു.
അൽ മല്ലു എന്ന ചിത്രമാണ് നമിത പ്രമോദിന്റേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. ചെറിയ ഇടവേളയ്ക്ക് ശേഷം അടുത്ത ചിത്രവുമായി നമിത എത്തുകയാണ്. നാദിർഷ സംവിധാനം ചെയ്ത ഈശോ ആണ് നമിത അഭിനയിച്ച് റിലീസ് ആകാനിരിക്കുന്ന അടുത്ത ചിത്രം. ജയസൂര്യ നായകനായി എത്തുന്ന ചിത്രം റിലീസ് ചെയ്യുന്നത് ഒക്ടോബർ അഞ്ചിനാണ്.
ഈശോ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ വിക്രമാദിത്യൻ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് നമിത തുറന്നു പറഞ്ഞു. ഒരു ഗാനരംഗത്തിൽ വരികൾ തെറ്റായി പറഞ്ഞതിന് സംവിധായകൻ ലാൽ ജോസ് തന്നെ ചീത്ത വിളിച്ചതിനെക്കുറിച്ചാണ് നമിത പറഞ്ഞത്. ലാൽ ജോസ് തനിക്ക് അച്ഛനെ പോലെയാണെന്നും നമിത പറഞ്ഞു. പാട്ടിനിടയ്ക്ക് ഒരു കൊങ്കിണി ലൈൻ ഉണ്ട്. ഏഴെട്ട് വരിയുള്ള കൊങ്കിണി വരി പാടാൻ പറഞ്ഞു. താൻ പുള്ളിയെ പറ്റിക്കാൻ വേണ്ടി തെറ്റായി പാടിയെന്നും അദ്ദേഹം മൈക്കിൽ കൂടി ‘കഴുതേ, പറ്റില്ലെങ്കിൽ വേറെ പണിക്ക് പോടീ’ എന്ന് വിളിച്ചു പറഞ്ഞു. ഫോർട്ട് കൊച്ചിയിലെ എല്ലാവരും നിൽക്കുകയാണ്. താൻ വിളറി വെളുത്തു പോയെന്നും നമിത പറഞ്ഞു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയും പറയും. പക്ഷേ, എല്ലാവരും കേൾക്കുന്നുണ്ട്. അതാണ് താൻ നോക്കിയതെന്നും നമിത പറഞ്ഞു.