തന്റെ അനുവാദമില്ലാതെ ഫോട്ടോ എടുത്തതിന് പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ നന്ദമൂരി ബാലകൃഷ്ണ. ഇതിന് മുന്‍പും പരസ്യവേദികളില് രോഷത്തോടെ അദ്ദേഹം പെരുമാറിയിട്ടുണ്ട്. ഇത്തവണ ഒരു തെലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകനാണ് ബാലകൃഷ്ണയുടെ അരിശത്തിന് ഇരയായത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വീടിനുള്ളില്‍ വച്ച് ബാലകൃഷ്ണയുടെ ഫോട്ടോ എടുത്തതാണ് പ്രശ്നമായത്. പെട്ടെന്ന് ചൂടായ നടന് ഓടിയെത്തി പ്രവര്‍ത്തകനെ തല്ലുകയായിരുന്നു.
ഈ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹിന്ദുപൂരില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് നന്ദമൂരി ബാലകൃഷ്ണ. രാഷ്ട്രീയ പരിപാടികള്‍ക്കായി മണ്ഡലത്തില്‍ എത്തിയ അദ്ദേഹം ഒരു വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. വീടിനുള്ളില്‍ നില്ക്കുന്ന ബാലകൃഷ്ണയുടെ ചിത്രമെടുക്കാന്‍ പ്രവര്ത്തകന് ഒരുങ്ങി. ഇതു കണ്ടതോടെ ഓടിയെത്തിയ ബാലകൃഷ്ണ രണ്ടു തവണ പ്രവര്‍ത്തകനെ ആഞ്ഞടിച്ചു. ഫോട്ടോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു. എന്നാല്‍ ഈ സംഭവം മറ്റൊരാള്‍ വിഡിയോ എടുത്തു. ഇത് പുറത്തു വന്നതോടെ അടി വൈറലായി.
സംഭവം ചര്‍ച്ചയായതോടെ തല്ലുകൊണ്ട പ്രവര്ത്തകന് വിശദീകരണവുമായി രംഗത്തെത്തി. താന്‍ ബാലയ്യ ഗാരുവിന്റെ ആരാധകനാണ്. അദ്ദേഹം രാവിലെ മുതല്‍ വൈകുന്നേരം വരെ തിരഞ്ഞെടുപ്പു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുത്ത അദ്ദേഹം തളര്‍ന്നിരുന്നു. ആരുമായും ഷെയ്ക്ക് ഹാന്‍ഡ് വരെ ചെയ്യാത്ത അദ്ദേഹം തന്നെ അടിച്ചത് ഭാഗ്യമായി കരുതുന്നു. വീഡിയോ എടുക്കുന്നത് കണ്ടപ്പോള്‍ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് അറിയാതെയാണ് അദ്ദേഹം തന്നെ തള്ളിമാറ്റിയത്. തങ്ങള്‍ ആരാധകര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും പ്രശ്നമല്ല. അദ്ദേഹം എന്നെ തൊട്ടതില്‍ അഭിമാനം തോന്നുന്നു എന്നാണ് പ്രവര്ത്തകന് പറയുന്നത്. നേരത്തെയും പൊതുവിടങ്ങളില്‍ ക്ഷുഭിതനാവുന്ന ബാലകൃഷ്ണയുടെ വീഡിയോകള്‍ ചര്‍ച്ചയായിരുന്നു.