തെലുങ്ക് ചിത്രം സേഹരിയുടെ അണിയറ പ്രവർത്തകർ ആകെ പുലിവാല് പിടിച്ചിരിക്കുന്ന അവസ്ഥയിലാണ്. തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയെ അതിഥിയായി വിളിച്ചതാണ് അവർക്ക് തലവേദനയായിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്ന ചടങ്ങിലേയ്ക്കാണ് മുഖ്യാതിഥിയായി ബാലകൃഷ്ണയെ വിളിക്കുന്നത്. ചടങ്ങിനിടെ ചിത്രത്തിലെ യുവനടൻ അദ്ദേഹത്തെ ‘അങ്കിൾ’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതാണ് എല്ലാ പ്രശ്നങ്ങൾക്കു തുടക്കം. ‘അങ്കിൾ’ എന്നു കേട്ടപാടെ ബാലകൃഷ്ണയുടെ മുഖഭാവം മാറി. നടൻ ഉടൻ തന്നെ ‘സോറി സർ, ബാലകൃഷ്ണ’ എന്നു മാറ്റിവിളിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ചടങ്ങിലുടനീളം ബാലകൃഷ്ണ അസ്വസ്ഥനായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിനു ഫോൺ വരുന്നത്. ഫോൺ ഉടൻ തന്നെ പോക്കറ്റിൽ നിന്നെടുത്ത് വലിച്ചെറിയുകയായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്യുന്നതിനിടെ തനിക്കരികിലായി നിന്ന നായകനടന്റെ കൈ തട്ടിമാറ്റുന്നതും വിഡിയോയിൽ കാണാം.