മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. മമ്മൂട്ടി, ദുൽഖർ സൽമാൻ, ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെയുള്ളവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ പുറത്തുവിട്ടത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിലാണ് ടീസറും പുറത്തുവിട്ടിരിക്കുന്നത്.
ചുരുളിക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്. ഇക്കഴിഞ്ഞ നവംബർ ഏഴാം തീയതി ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വേളാങ്കണ്ണി, പഴനി എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാനപ്പെട്ട ലൊക്കേഷനുകൾ.
തമിഴ്നാട്ടിലാണ് സിനിമ മുഴുവനും ചിത്രീകരിച്ചത്.
മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് സിനിമയുടെ നിർമ്മാണം നടന്നത്. ആമേൻ മൂവി മൊണാസ്ട്രി ബാനറിൽ നിർമ്മാതാവ് ആയി സംവിധായകൻ ലിജോ ജോസും ഉണ്ട്. അശോകൻ ആണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമരം എന്ന സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടിയും അശോകനും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എസ് ഹരീഷ് ആണ് സിനിമയുടെ രചന നിർവഹിക്കുന്നത്.