മമ്മൂട്ടി നായകനായി എത്തിയ നന്‍പകല്‍ നേരത്ത് മയക്കം ഏറ്റെടുത്ത് പ്രേക്ഷകര്‍. ജനുവരി പത്തൊന്പതിന് തീയറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതിരണമാണ് ലഭിക്കുന്നത്.
നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം കേരളത്തിലെ നൂറിലധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്. മികച്ച ബുക്കിങ്ങും ലഭിക്കുന്നുണ്ട്. മമ്മൂട്ടിയുടെ നന് പകല്‍ നേരത്ത് മയക്കം തീയേറ്ററില്‍ ഇറങ്ങിയാല്‍ എത്ര പേര് വന്നു കാണും എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ ജനപിന്തുണ എന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
കേരള അന്താരാഷ്ട്ര ചലചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്ത ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍ അന്ന് ചിത്രത്തിന് ടിക്കറ്റ് ലഭിക്കാതെ വന്നതോടെ പലരും മേളയുടെ സമാപന ചടങ്ങിനിടയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെ കൂവി വിളിച്ചിരുന്നു. അതിന് മറുപടിയായി, ഈ മമ്മൂട്ടി ചിത്രം തീയറ്ററില്‍ വരുമ്പോള്‍ കാണാന്‍ എത്രപേരുണ്ടാകുമെന്ന് നമ്മുക്ക് നോക്കാമെന്ന പരാമര്‍ശവും രഞ്ജിത് നടത്തി. ഇത് വന്‍ വിവാദമായിരുന്നു.
പൂര്‍ണമായും തമിഴ്നാട്ടില്‍ ചിത്രീകരിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. മമ്മൂട്ടിക്ക് പുറമെ രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ആദ്യ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ചിത്രത്തിന്റെ ഓവര്‍സീസ് റിലീസ് നടത്തുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് ദീപു എസ്. ജോസഫാണ് നിര്‍വഹിച്ചിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടേതു തന്നെയാണ് കഥ. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതനും അനൂപ് സുന്ദരനും നിര്‍വഹിച്ചിരിക്കുന്നു. പ്രതീഷ് ശേഖറാണ് പി.ആര്.ഒ