മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിച്ച നന്‍പകല്‍ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിക്കും. വൈകിട്ട് 3.30 ന് ടാഗോര്‍ തീയറ്ററിലാണ് പ്രദര്‍ശനം നടക്കുന്നത്. ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറാണിത്. മേളയില്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ച് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും അതിഥിയായി എത്തുന്നുണ്ട്. വൈകിട്ട് ടാഗോറില്‍ നടക്കുന്ന തുറന്ന സംവാദവേദിയായ ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കെ.എം കമാല്‍ തുടങ്ങിയവരും പങ്കെടുക്കും.
ഇന്ന് 67 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇരുള ഭാഷയില്‍ പ്രിയനന്ദനന് ഒരുക്കിയ ധബാരി ക്യുരുവി, പ്രതീഷ് പ്രസാദിന്റെ നോര്‍മല്‍, രാരിഷ് ജിയുടെ വേട്ടപ്പട്ടികളും ഓട്ടക്കാരും തുടങ്ങി ഏഴ് ചിത്രങ്ങള്‍ മലയാളം വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിനോടുള്ള ആദര സൂചകമായി ചാമരം എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടാകും.