ദേശീയ അവാർഡ് ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് നടി അപർണ ബാലമുരളി. തനിക്ക് പുരസ്കാരം ലഭിക്കാൻ കാരണം സംവിധായിക സുധ കൊങ്ങര തന്നിലേൽപ്പിച്ച വിശ്വാസം കാരണമാണെന്ന് അപർണ ബാലമുരളി പറഞ്ഞു. സുരറൈ പോട്രിലെ തന്റെ കഥാപാത്രത്തിന് പുരസ്കാരം ലഭിക്കാൻ സംവിധായിക സുധ കൊങ്ങര ആഗ്രഹിച്ചിരുന്നതായി അപർണ പറഞ്ഞു. മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആണ് അപർണ ബാലമുരളി ഇങ്ങനെ പറഞ്ഞത്.
ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലാണ് താനെന്നും ഇത്തരത്തിൽ ഒരു അനുഭവം ആദ്യമായിട്ടാണെന്നും അപർണ പറഞ്ഞു. എല്ലാവർക്കും നന്ദി പറയുന്നതായും അപർണ പറഞ്ഞു. ‘ഈ കഥാപാത്രത്തിന് പുരസ്കാരം ലഭിക്കണമെന്ന് ചിത്രത്തിന്റെ സംവിധായികയായ സുധ മാമിന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവർ എന്നിൽ അർപ്പിച്ച വിശ്വാസം കാരണം മാത്രമാണ് ഞാനിവിടെ നിൽക്കുന്നത്.’ – അപർണ മനസു തുറന്നു.
ഒരു അഭിനേത്രി എന്ന നിലയില്‍ തനിക്ക് ആവശ്യമായ സമയം സുധ മാം തന്നെന്നും അതിനാല്‍ നല്ല രീതിയില്‍ ചെയ്യാന്‍ സാധിച്ചെന്നും അപർണ പറഞ്ഞു. തീര്‍ത്തും അപ്രതീക്ഷിതമായാണ് സിനിമയില്‍ എത്തിയത്. സിനിമയെക്കുറിച്ചൊന്നും കാര്യമായ ധാരണ എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ ഇനിയും ഒരുപാട് പഠിക്കണം എന്നാണ് ആഗ്രഹം. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അപർണ വ്യക്തമാക്കി.