പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം നടി നവ്യ നായർ നായികയായി എത്തിയ ചിത്രം ‘ഒരുത്തീ’ കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയ നവ്യ തിരക്കിലാണ് ഇപ്പോൾ. അഭിമുഖങ്ങളും ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലായ താരം സിനിമാഡാഡിയുമായി തന്റെ വിശേഷങ്ങൾ പങ്കുവെച്ചു. പത്തു വർഷത്തിനു ശേഷമാണ് നവ്യ സിനിമയിലേക്ക് തിരിച്ചെത്തുന്നതെങ്കിലും പത്തു വർഷത്തിനു മുമ്പുള്ള അതേ പ്രസരിപ്പോടെ ഇരിക്കുന്നതിന്റെ രഹസ്യം നവ്യ തുറന്നു പറഞ്ഞു. കഴിഞ്ഞ കുറേ വർഷമായി താൻ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്യാറുണ്ടെന്നും സ്ഥിരമായി നൃത്തം ചെയ്യാറുണ്ടെന്നും നവ്യ വ്യക്തമാക്കി. രാവിലെ വർക്ക് ഔട്ടിന് പോകുന്ന ദിവസമാണെങ്കിലും ഡാൻസ് ക്ലാസിന് പോകുന്ന ദിവസമാണെങ്കിലും ഒരു പ്രോട്ടീൻ ഷേക്ക് കഴിക്കാറുണ്ടെന്ന് നവ്യ വ്യക്തമാക്കി. പ്രോട്ടീൻ പൗഡറിട്ട ഷേക്ക് അല്ല അതെന്നും ബദാമും ഡേറ്റ്സും സ്ലിം മിൽക്കും കൊണ്ടുള്ള ഷേക്കാണ് രാവിലെ കഴിക്കുകയെന്നും നവ്യ പറഞ്ഞു. ഷേക്കിൽ പഞ്ചസാര ഉപയോഗിക്കാറില്ലെന്നും നവ്യ വ്യക്തമാക്കി.
‘ഒരുത്തീ’ എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. സ്ത്രീക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണ് ഒരുത്തീയെന്നും ഒരു സ്ത്രീയുടെ ജീവിതത്തിൽ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിൽ കാണിക്കുന്നതെന്നും നവ്യ വ്യക്തമാക്കി. നന്ദനത്തിലെ ബാലാമണിയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ഒരു സാധാരണ വീട്ടമ്മയാണ് രാധാമണി എന്നും നവ്യ വ്യക്തമാക്കി. ഇതുവരെ അഭിനയിച്ചതിൽ റിലീസ് ആയ ചിത്രങ്ങളിൽ ബാലാമണി തന്നെയാണ് മനസ്സിനോട് ചേർന്നു നിൽക്കുന്നതെന്നും നവ്യ വ്യക്തമാക്കി. ബാലാമണിക്ക് ശേഷം ഒരുത്തീയിലെ കഥാപാത്രമാണ് മനസിനോട് ചേർന്ന് നിൽക്കുന്നതെന്നും നവ്യ പറഞ്ഞു. തനിക്ക് മോഡേൺ കഥാപാത്രങ്ങളേക്കാളും നാടൻ കഥാപാത്രങ്ങളോടാണ് ഇഷ്ടമെന്നും നവ്യ വ്യക്തമാക്കി. മകൻ വളരെ അഡ്ജസ്റ്റിംഗ് ആണെന്ന് തന്റെ തിരക്കുകൾ മനസിലാക്കുന്ന വ്യക്തിയാണെന്നും നവ്യ പറഞ്ഞു. പരീക്ഷാസമയത്ത് അമ്മ പഠിപ്പിച്ചാൽ മാത്രമേ ശരിയാകുകയുള്ളൂ, മാർക്ക് കിട്ടുകയുള്ളൂ എന്ന ചിന്തയാണ് മകനുള്ളത്. പരീക്ഷാസമയത്ത് വിളക്ക് ഒക്കെ കത്തിച്ച് ഭയങ്കര പ്രാർത്ഥന ആയിരിക്കും. സിനിമയിലേക്ക് താൻ മടങ്ങിയെത്തിയതിൽ മകൻ ഭയങ്കര എക്സൈറ്റഡ് ആണെന്നും കുട്ടുകാർക്ക് ഷോ ബുക്ക് ചെയ്ത് കൊടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും നവ്യ പറഞ്ഞു.
വി കെ പ്രകാശ് ആണ് ഒരുത്തീ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. എസ് സുരേഷ് ബാബു രചിച്ച ഈ ചിത്രം കെ വി അബ്ദുൾ നാസർ ആണ് നിർമ്മിച്ചിരിക്കുന്നത്. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വളരെ ശക്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ നവ്യ നായർ അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്, മാളവിക മേനോന്, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. നവ്യയുടെ മകനായി അഭിനയിച്ച ആദിത്യനും തന്റെ വേഷം ഏറ്റവും ഭംഗിയാക്കി.