പ്രശസ്ത മലയാള നടി നവ്യ നായർ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്ന ചിത്രമാണ് വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ. എസ് സുരേഷ് ബാബു രചിച്ച ഈ ചിത്രം കെ വി അബ്ദുൾ നാസർ ആണ് നിർമ്മിച്ചിരിക്കുന്നത്. നവ്യ നായർക്കൊപ്പം വിനായകനും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം വളരെ ശ്കതമായ ഒരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. നവ്യ നായർ അവതരിപ്പിക്കുന്ന രാധാമണി എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ആ ശക്തമായ പ്രമേയം വളരെ ത്രില്ലിംഗ് ആയാണ് സംവിധായകനും രചയിതാവും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത് എന്ന് തന്നെ പറയാം.
കൊച്ചിയിൽ ബോട്ട് കണ്ടക്ടർ ആയി ജോലി ചെയ്യുന്ന രാധാമണിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിക്കുകയും അതവളുടെ ജീവിതത്തെ സങ്കീർണമാക്കുകയും ചെയ്യന്നു. മക്കളും ഭർത്താവിന്റെ അമ്മയും അടങ്ങുന്ന ചെറിയ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും പേറി ജീവിക്കുന്ന അവൾ ഈ പ്രതിസന്ധികൾക്കെതിരെ പോരാട്ടം ആരംഭിക്കുന്നതോടെ ആണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ഒരു സാധാരണക്കാരിയായ രാധാമണിയുടെ അസാധാരണമായ പോരാട്ടവും അതിജീവനുമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ജീവിതത്തിൽ നേരിടേണ്ടി വരുന്ന അപമാനത്തിനും പ്രതിസന്ധികൾക്കും നിസ്സഹായാവസ്ഥകൾക്കുമെതിരെ രാധാമണി ഒരു തീയായി മാറുന്നതാണ് ഈ ചിത്രം നമുക്ക് കാണിച്ചു തരുന്നത്. ഗംഭീരമായി ആണ് രചയിതാവും സംവിധായകനും ചേർന്ന് രാധാമണിയുടെ കഥ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ ചിത്രത്തോട് ചേർത്ത് നിർത്തുന്ന രീതിയിൽ ഈ കഥ അവതരിപ്പിക്കാൻ വി കെ പ്രകാശ് എന്ന സംവിധായകനും സുരേഷ് ബാബു എന്ന രചയിതാവിനും സാധിച്ചിട്ടുണ്ട്. മാത്രമല്ല, വൈകാരിക നിമിഷങ്ങളും ആവേശം നൽകുന്ന രാധാമണിയുടെ പോരാട്ടവും കൃത്യമായി പ്രേക്ഷകരുടെ മനസ്സിനെ തൊടുന്ന രീതിയിൽ ആവിഷ്കരിക്കാനും അവർക്കു സാധിച്ചു.
രാധാമണി ആയി ഞെട്ടിക്കുന്ന പ്രകടനമാണ് നവ്യ നായർ കാഴ്ച വെച്ചത്. ഓരോ നോട്ടത്തിലും ശരീര ചലനങ്ങളിൽ വരേയും പൂർണ്ണമായും രാധാമണിയായി മാറാൻ നവ്യക്ക് സാധിച്ചു. ഈ കഥാപാത്രത്തിന്റെ വൈകാരിക തലങ്ങൾ പ്രേക്ഷകരുടെ മനസ്സിനെ സ്പർശിക്കുന്നത് നവ്യയുടെ ഗംഭീര പ്രകടനം മൂലമാണ്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളുടെ കൂട്ടത്തിൽ നവ്യക്ക് രാധാമണിയെ ചേർത്ത് വെക്കാം. പൊലീസ് കഥാപാത്രമായി എത്തിയ വിനായകൻ ഒരിക്കൽ കൂടി ശ്രദ്ധ നേടുന്ന പ്രകടനം കാഴ്ച വെച്ചപ്പോൾ, മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്, മാളവിക മേനോന്, ചാലി പാല, മുകുന്ദൻ, കെ പി എ സി ലളിത, അരുൺ നാരായണൻ എന്നിവരും നവ്യയുടെ മകനായി അഭിനയിച്ച ആദിത്യനും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയായി തന്നെ ചെയ്തു ഫലിപ്പിച്ചു. പരിചയ സമ്പന്നനായ ഒരു സംവിധായകന്റെ കയ്യടക്കം നമ്മുക്ക് കാണിച്ചു തന്ന വി കെ പ്രകാശിനൊപ്പം, ഒരു ശ്കതമായ, പ്രസക്തമായ കഥയെ അതിന്റെ ആഴവും തീവ്രതയും ഒട്ടും നഷ്ടപ്പെടാതെ ഒരുക്കിയ സുരേഷ് ബാബു എന്ന രചയിതാവും അഭിനന്ദനം അർഹിക്കുന്നുണ്ട്.
കൊച്ചിയിലെ ഗംഭീര ദൃശ്യങ്ങൾ സമ്മാനിച്ച ജിംഷി ഖാലിദ് കയ്യടി നേടുന്നുണ്ട്. ചിത്രത്തിന്റെ മൂഡ് പ്രേക്ഷകർക്ക് കൃത്യമായി പകർന്നു നൽകുന്ന രീതിയിലാണ് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചത്. ആ ദൃശ്യങ്ങളോട് നീതി പുലർത്താൻ ഗോപി സുന്ദർ എന്ന സംഗീത സംവിധായകനും സാധിച്ചത് ഈ ചിത്രത്തിന് വലിയ മുതൽക്കൂട്ടായി. വളരെ ത്രില്ലിംഗ് ആയി ഒരുത്തീ മുന്നോട്ടു പോയത് അതുകൊണ്ടാണ്. ലിജോ പോൾ നിർവഹിച്ച എഡിറ്റിംഗ് രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈൻ എന്നിവ ചിത്രത്തിന്റെ സാങ്കേതിക നിലവാരവും വലിയ രീതിയിൽ ഉയർത്തുന്നതിന് സഹായിച്ചിട്ടുണ്ട് എന്നതും എടുത്തു തന്നെ പറയണം. കുടുംബ പ്രേക്ഷകർക്ക് പൂർണ സംതൃപ്തി നൽകുന്ന ഒരു ഡ്രാമ ത്രില്ലർ ആണ് ഒരുത്തീ. ആദ്യാവസാനം ഏറെ ആവേശത്തോടെ കണ്ടിരിക്കാവുന്ന ഈ ചിത്രം മികച്ച ഒരു തീയേറ്റർ അനുഭവം ആണ് നമ്മുക്ക് സമ്മാനിക്കുന്നത്. നവ്യ നായർ എന്ന അതുല്യ പ്രതിഭയുടെ ഒരു കിടിലൻ തിരിച്ച വരവ് കൂടിയാണ് ഒരുത്തീ.