സൂപ്പർഹിറ്റ് ആയിരുന്ന ‘ജെന്റിൽമാൻ’ സിനിമയ്ക്ക് രണ്ടാംഭാഗം എത്തുന്നു. ജെന്റിൽമാൻ 2 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ നയൻതാര ചക്രവർത്തി ആണ് നായിക. നിർമാതാവ് കെ ടി കുഞ്ഞുമോന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് നയൻതാര ചക്രവർത്തി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ സൂപ്പർതാരം നയൻതാര നായികയായി എത്തുമെന്ന് നേരത്തെ ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഈ വാർത്തകളെയെല്ലാം അപ്രസക്തമാക്കിയാണ് ചിത്രത്തിൽ നയൻതാര ചക്രവർത്തി തന്നെ നായികയായി എത്തുമെന്ന വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര ചക്രവർത്തി മലയാളികൾക്ക് സുപരിചിതയാണ്.
ബാലതാരമായി എത്തിയ നയൻതാര ചക്രവർത്തി ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണ് ജെന്റിൽമാൻ 2. എം എം കീരവാണിയാണ് ജെന്റിൽമാൻ 2വിന്റെ സംഗീതസംവിധാനം. ജെന്റിൽമാൻ ആദ്യഭാഗത്തിന് എ ആർ റഹ്മാൻ ആയിരുന്നു സംഗീതം നൽകിയത്. മഹധീര, ബാഹുബലി, ആർ ആർ ആർ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയതിനു ശേഷമാണ് ജെന്റിൽമാൻ 2വിന്റെ സംഗീതസംവിധായകനായി എംഎം കീരവാണി എത്തുന്നത്. അർജുനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത ജെന്റിൽമാൻ സൂപ്പർഹിറ്റ് ആയിരുന്നു. വരും ദിവസങ്ങളിൽ ചിത്രത്തിലെ നായകൻ, ചിത്രത്തിന്റെ സംവിധായകൻ എന്ന് തുടങ്ങിയ വിശദാംശങ്ങളും പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സന്ധ്യ മോഹൻ സംവിധാനം ചെയ്ത കിലുക്കം, കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി നയൻതാര തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാവ്യ മാധവൻ എന്നിവർ ആയിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിന് ശേഷം അച്ഛനുറങ്ങാത്ത വീട്, ചെസ്, അതിശയൻ, സൂര്യൻ, കങ്കാരു, ഈ പട്ടണത്തിൽ ഭൂതം എന്ന സിനിമകളിലും ബാലതാരമായി നയൻതാര അഭിനയിച്ചു. ഇതുകൂടാതെ കുസേലൻ എന്ന തമിഴ് ചിത്രത്തിലും നയൻതാര ബാലതാരമായി അഭിനയിച്ചു. ആറുവർഷം മുമ്പ് വി എം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലാണ് അവസാനമായി നയൻതാര അഭിനയിച്ചത്. നായികയായുള്ള അരങ്ങേറ്റത്തിനായി കാത്തിരിക്കുകയായിരുന്ന താരത്തിന് ജെന്റിൽമാൻ 2 അതിനുള്ള വഴി തുറന്നിരിക്കുകയാണ്. ജെന്റിൽമാൻ സിനിമയിൽ മധുബാല ആയിരുന്നു നായിക. അർജുൻ നായകനിരയിലേക്ക് ഉയർന്ന ചിത്രം കൂടിയായിരുന്നു ജെന്റിൽമാൻ.
View this post on Instagram