അച്ഛനുമായുള്ള തന്റെ ആഴമേറിയ ബന്ധം വെളിപ്പെടുത്തി നടി നയന്‍താര. തന്റെ ഏറ്റവും പുതിയ ചിത്രമായ നേട്രിക്കണ്ണിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് തമിഴ് നടിയും അവതാരകയുമായ ദിവ്യദര്‍ശിനിയുമായുള്ള അഭിമുഖത്തിനിടെയാണ് അച്ഛന് കുര്യനെക്കുറിച്ച് വികാരാധീനയായി നയന്‍താര സംസാരിച്ചത്. ‘ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി.
‘അച്ഛന് ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ട് പതിമൂന്നു വര്‍ഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല, കാരണം ഇതെന്റെ സ്വകാര്യതയാണ്. എന്നും വളരെ പെര്‍ഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ്മ. അങ്ങനെയൊരാളാണ് പെട്ടെന്ന് രോഗബാധിതനാകുന്നത്. ഞാന്‍ സിനിമയില്‍ വന്ന് രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയില്‍ ആണ്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്.’ കണ്ണീരോടെ നയന്‍താര പറയുന്നു.
2011 ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്ന് വിടപറഞ്ഞ നയന്‍താര തിരിച്ചു വന്നത് 2015 ല്‍ വിഘ്നേഷ് ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. വിഘ്നേഷിന്റെ കന്നി സംവിധാന സംരംഭത്തിലൊരുങ്ങിയ ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്.