ഒരു നീണ്ട ഇടവേളക്ക് ശേഷം അനൂപ് മേനോൻ വീണ്ടും തിരക്കഥാകൃത്താകുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. അനൂപ് മേനോൻ തന്നെ നായകനാകുന്ന ചിത്രത്തിൽ മിയയാണ് നായികയായി എത്തുന്നത്. 999 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സൂരജ് നോബിൾ ജോസ് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം സൂരജ് തോമസാണ്. ചിത്രത്തിലെ ‘നീല നീല മിഴികളോ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കഴിഞ്ഞ ദിവസം ഇറങ്ങി പ്രേക്ഷകഹൃദയങ്ങൾ കവർന്നിരുന്നു. ഇപ്പോൾ ആ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. അനൂപ് മേനോനും മിയയും പ്രണയാർദ്രരായി എത്തുന്ന ഗാനത്തിന് കൂടുതൽ മിഴിവേകി എം ജയചന്ദ്രന്റെ സംഗീതവും വിജയ് യേശുദാസിന്റെ ആലാപന സൗകുമാര്യവും റഫീഖ് അഹമ്മദിന്റെ പ്രണയം നിറഞ്ഞ വരികളുമുണ്ട്. ജിത്തു ദാമോദറാണ് കാമറ കൈകാര്യം ചെയ്യുന്നത്.