ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലേക്ക് ഡിസംബർ 21ന് എത്തിയ ചിത്രമായിരുന്നു നേര്. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം റിലീസ് ചെയ്ത അന്നു മുതൽ തന്നെ മികച്ച അഭിപ്രായം ആയിരുന്നു സ്വന്തമാക്കിയത്. കഴിഞ്ഞദിവസം പുറത്തെത്തിയ കണക്കുകൾ അനുസരിച്ച് ആഗോള ബോക്സ് ഓഫീസിൽ ചിത്രം 80 കോടി പിന്നിട്ടിരുന്നു. ഇപ്പോൾ കേരള ബോക്സ് ഓഫീസിൽ നിന്ന് മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് നേര്.
കേരള ബോക്സ് ഓഫീസിലെ എക്കാലത്തെയും ഏറ്റവും വലിയ അഞ്ച് ഹിറ്റുകളുടെ നിരയിൽ ഇടം പിടിച്ചിരിക്കുകയാണ് നേര്. എക്കാലത്തെയും ഏറ്റവും മികച്ച അഞ്ചു ഹിറ്റുകളുടെ നിരയിൽ അഞ്ചാം സ്ഥാനത്താണ് നേര് ഇപ്പോൾ. മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മപർവത്തെ മറികടന്നാണ് നേര് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ എക്കാലത്തെയും ബോക്സ് ഓഫീസ് ടോപ് ഫൈവ് അഞ്ച് ചിത്രങ്ങളിൽ മൂന്നെണ്ണവും മോഹൻലാൽ ചിത്രങ്ങളാണ്. പുലിമുരുകനും ലൂസിഫറുമാണ് ലിസ്റ്റിലുള്ള മറ്റ് രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍. പട്ടികയിൽ ഒന്നാം സ്ഥാനത്ത് 2018 ആണ്. രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറുമാണ്. നാലാമത് ആര്‍ഡിഎക്സും അഞ്ചാമത് നേരും.
കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.