ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ ചിത്രമാണ് ‘നേര്’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും മികച്ച അഭിപ്രായമാണ് ചിത്രം സ്വന്തമാക്കുന്നത്. ഡിസംബർ 21നാണ് ചിത്രം റിലീസ് ചെയ്തത്. സമീപകാലത്ത് ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രം കൂടിയാണ് നേര്.
എട്ട് ദിവസത്തെ കണക്കുകള്‍ നോക്കുമ്പോള്‍ കേരളം കഴിഞ്ഞാല്‍ ചിത്രം ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ഇന്ത്യന്‍ സംസ്ഥാനം കര്‍ണാടകയാണ്. എട്ട് ദിവസം കൊണ്ട് 1.22 കോടിയാണ് കർണാടകയിൽ നിന്ന് ‘നേര്’ നേടിയ കളക്ഷന്‍. ഉത്തരേന്ത്യയില്‍ നിന്ന് 92 ലക്ഷവും തമിഴ്നാട്ടില്‍ നിന്ന് 65 ലക്ഷവും തെലുങ്ക് സംസ്ഥാനങ്ങളില്‍ നിന്ന് 8 ലക്ഷവുമാണ് ചിത്രത്തിന്റെ നേട്ടം. ആകെ നോക്കുകയാണെങ്കിൽ എട്ട് ദിവസത്തെ റെസ്റ്റ് ഓഫ് ഇന്ത്യ കളക്ഷന്‍ ആകെ 2.87 കോടിയാണ്.
വിദേശ മാര്‍ക്കറ്റുകളില്‍ ഗംഭീര കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 9 ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലേക്ക് എത്തിയിരുന്നു ചിത്രം. ദൃശ്യം പിറന്ന് പത്തു വർഷത്തിന് ശേഷമാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ നേര് തിയറ്ററുകളിൽ വൻ വിജയമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.