നീതി തേടിയുള്ള നേരിന്റെ കുതിപ്പ് തുടരുകയാണ്. ഒരു തരത്തിലും തളരാതെ തിയറ്ററുകളെയും പ്രേക്ഷകരെയും ഒരു പോലെ കീഴടക്കി നേര് അതിന്റെ കുതിപ്പ് തുടരുകയാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് ആയിരുന്നു ചിത്രം എത്തിയത്. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ 75 കോടിയെന്ന് റെക്കോർഡ് നേട്ടത്തിലേക്ക് നേര് എത്തിയെന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രം നേര് ഇതുവരെ നേടിയത് 40 കോടിയിൽ അധികം രൂപയാണ്.
വെറും ഒമ്പത് ദിവസങ്ങൾ കൊണ്ടായിരുന്നു മോഹൻലാൽ ചിത്രം 50 കോടി ക്ലബിലേക്ക് എത്തിയത്. നിലവിൽ 100 കോടി പ്രയാണത്തിലുള്ള നേരിന്റെ പ്രദർശനം മൂന്നാം വാരത്തിലേക്ക് കടക്കുകയാണ്. കോർട്ട് റൂം ഡ്രാമയായി എത്തിയ ചിത്രം മികച്ച പ്രതികരണമാണ് ആദ്യദിവസം തന്നെ നേടിയത്. ഏതായാലും ക്രിസ്മസ് – ന്യൂ ഇയർ അവധിക്കാലം തിയറ്ററുകൾ നേര് കൊണ്ടു പോയി. ഇതിനകം അമ്പതു കോടി ക്ലബിൽ ഇടം പിടിച്ച നേര് പുതിയ റെക്കോർഡുകൾ സ്വന്തമാക്കാനുള്ള പ്രയാണത്തിലാണ്.
ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.