ലോകമെമ്പാടുമുള്ള വെബ് സീരീസ് ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതായിരുന്നു സ്ക്വിഡ് ഗെയിം കടന്നുപോയത്. ഇപ്പോഴിതാ സ്ക്വിഡ് ഗെയിം മാതൃകയില്‍ ലോകമെമ്പാടുമുള്ള ആളുകളെ ഉള്‍പ്പെടുത്തി റിയാലിറ്റി ഷോ നടത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. നെറ്റ്ഫ്ളിക്സ് ആയിരിക്കും ഇതിന്റെ ഓര്‍ഗനൈസര്‍. നെറ്റ്ഫ്ളിക്സിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഈ അറിയിപ്പ് എത്തിയിരിക്കുന്നത്.
ലോകത്തിന്റെ ഏത് കോണില്‍ നിന്നുള്ളവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനാകും. 456 മത്സരാര്‍ത്ഥികളായിരിക്കും റിയാലിറ്റി ഗെയിം ഷോയില്‍ ഉണ്ടാകുക. 21 വയസ് പൂര്‍ത്തിയായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 2023 ന്റെ തുടക്കത്തിലാകും മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷ നല്‍കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. വിജയിക്കുന്നവര്‍ക്ക് 4.56 മില്യണ്‍ യു.എസ് ഡോളര്‍(35,57,21,268 ഇന്ത്യന്‍ രൂപ) ആയിരിക്കും സമ്മാനമായി ലഭിക്കുക. പുറത്താകുന്നവര്‍ക്ക് സീരീസിലേത് പോലെ ജീവന് നഷ്ടമാകുമോ എന്ന ആശങ്ക വേണ്ട. അത്തരത്തില്‍ ജീവന് മരണപോരാട്ടം റിയാലിറ്റി ഷോയില്‍ ഉണ്ടാകില്ല.
കഴിഞ്ഞ വര്‍ഷമാണ് സ്ക്വിഡ് ഗെയിം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ സ്ക്വിഡ് ഗെയിം പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. ഹ്വാങ് ഡോങ് ഹ്യൂക്ക് ആണ് സ്ക്വിഡ് ഗെയിം സംവിധാനം ചെയ്തത്.