ലോകത്തെ മുൻനിര ഒ ടി ടി പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് നെറ്റ്ഫ്ലിക്സ്. ജനപ്രിയ സീരീസുകൾ കൊണ്ടും സിനിമകൾ കൊണ്ടും സിനിമാപ്രേമികളെ തൃപ്തിപ്പെടുത്തുന്ന ഒരു ഒടിടി പ്ലാറ്റ്ഫോം കൂടിയാണ് നെറ്റ്ഫ്ലിക്സ്. എന്നാൽ, നെറ്റ്ഫ്ലിക്സ് ചില വമ്പൻ നഷ്ടങ്ങളിലൂടെയാണ് കഴിഞ്ഞ കുറച്ചു കാലമായി പോയി കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ലക്ഷക്കണക്കിന് വരിക്കാരെയാണ് ചുരുങ്ങിയ കാലത്തിനുള്ളിൽ നഷ്ടപ്പെട്ടത്.
പാസ്വേഡ് പങ്കുവെച്ച് നെറ്റ്ഫ്ലിക്സ് കാണാൻ കഴിയുമെന്ന പഴുതാണ് ഈ ഒ ടി ടി പ്ലാറ്റ്ഫോമിന് നിരവധി വരിക്കാരെ നഷ്ടപ്പെടാൻ കാരണമായത്. മിക്കവരും ഒരു അക്കൗണ്ട് എടുത്തതിനു ശേഷം പാസ്വേഡ് പങ്കുവെച്ച് പലരും ഉപയോഗിക്കാറാണ് പതിവ്. ഇതാണ് നെറ്റ്ഫ്ലിക്സിന് വൻ നഷ്ടത്തിന് കാരണമായിരിക്കുന്നത്. അതുകൊണ്ടു തന്നെ പാസ്വേഡ് പങ്കുവെച്ച് ഒരു അക്കൗണ്ട് ഉപയോഗിക്കുന്നത് തടയാനാണ് പുതിയ സംവിധാനം.
നെറ്റ്ഫ്ലിക്സ് ഹോംസ് എന്നാണ് പുതിയ ഫീച്ചറിന്റെ പേര്. ഒരു ലൊക്കേഷൻ സ്ഥിരമായി സെറ്റ് ചെയ്യുന്നതാണ് ഹോം ഫീച്ചർ കൊണ്ട് നെറ്റ്ഫ്ലിക്സി ഉദ്ദേശിക്കുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാൻ അനുസരിച്ച് ആ ലൊക്കേഷനിൽ എത്ര ഉപകരണങ്ങളിൽ വേണമെങ്കിലും നെറ്റ്ഫ്ലിക്സ് കാണാൻ കഴിയും. യാത്രയിലാണെങ്കിൽ രണ്ട് ആഴ്ച വരെ മറ്റൊരു സ്ഥലത്ത് നെറ്റ്ഫ്ലിക്സ് ഉപയോഗിക്കാം. പാസ്വേഡ് പങ്കുവെച്ച് മറ്റൊരു സ്ഥലത്ത് രണ്ട് ആഴ്ചയിൽ കൂടുതൽ അക്കൗണ്ട് ഉപയോഗിച്ചാൽ ആ ഉപകരണത്തിൽ പിന്നീട് അക്കൗണ്ട് ലഭ്യമാകില്ല. ഹോമിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് അധിക ചാർജും നൽകേണ്ടി വരും.