പുതിയ സിനിമകളുടെ അപ്ഡേറ്റുകൾക്ക് ഒപ്പം മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. കാരണം വേറെ ഒന്നുമല്ല, അത്രയേറെ ഫാഷണബിളായും അപ്ഡേറ്റഡായും ആയിരിക്കും ഓരോ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം ആരാധകർക്കായി പങ്കുവെയ്ക്കുക. പുതിയ കാലത്തെ മാറുന്ന ട്രെൻഡുകൾ മാറുന്നതിന് അനുസരിച്ച് മാറുന്നു എന്നത് മാത്രമല്ല, പലപ്പോഴും ട്രെൻഡ് സെറ്ററായി മമ്മൂട്ടി മാറുന്നു എന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
സോഷ്യൽമീഡിയയിൽ മമ്മൂട്ടി പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ട് വൈറലായി മാറാറുണ്ട്. അടുത്തിടെ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിൽ മകന്റെ ഫോട്ടോ പങ്കുവെച്ച് ആശംസ അറിയിക്കുന്നതിന് പകരം തന്റെ തന്നെ ചിത്രങ്ങൾ ആയിരുന്നു മമ്മൂട്ടി പങ്കുവെച്ചത്. ഇത് വൈറലാകുകയും ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
ലളിതമായ എന്നാൽ സ്റ്റൈലിഷായ ലുക്കിലാണ് പുതിയ ഫോട്ടോയിൽ മമ്മൂട്ടി. ബ്ലാക്ക് സിം ഫിറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടും ഗ്രേ കളര്‍ പാന്റ്സും അതേ നിറത്തിലുള്ള ഷൂസുമാണ് വേഷം. പാന്റ്സിന്ന്റെ സ്റ്റിച്ചിങ്ങ് ബെല്‍ബോട്ടം എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടിക്ക് ആയിരുന്നു. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഇതിനകം ചിത്രീകരണം പൂര്‍ത്തിയായ മമ്മൂട്ടി ചിത്രങ്ങള്‍. നവാഗതനായ ഡീനൊ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രം.