വിനയന് സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ വിഡിയോ ഗാനം പുറത്തിറങ്ങി. കറുമ്പന് ഇന്നിങ്ങു വരുമോ കാറേ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നാരായണി ഗോപനും നിഖില്‍ രാജുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളില്‍ ഒന്നായ നങ്ങേലിയെ അവതരിപ്പിച്ച കയേതുവാണ് ഗാനരംഗത്ത് നിറഞ്ഞുനില്ക്കുന്നത്.
സെപ്റ്റംബര്‍ എട്ടിനായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് നായകന്. സാമൂഹിക പരിഷ്കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വി സി പ്രവീണ്‍, ബൈജു ഗോപാലന് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. കൃഷ്ണമൂര്ത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. അനൂപ് മേനോന്, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ഗോപാലന്, ടിനിടോം, ഇന്ദ്രന്‍സ്, രാഘവന്, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോ. ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന് ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന് എന്നിവരും ചിത്രത്തിലുണ്ട്.