എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ ആധാരമാക്കി ആഷിഖ് അബു ഒരുക്കുന്ന പുതിയ ചിത്രം ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കും. ടോവിനോ തോമസ്, റോഷൻ മാത്യു എന്നിവരാണ് ആഷിഖ് സംവിധാനം ചെയ്യുന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ആയിരുന്നു ആദ്യം സിനിമ പ്രഖ്യാപിച്ചത്. എന്നാൽ, കമ്മിറ്റ് ചെയ്ത സിനിമകളുടെ തിരക്കിനെ തുടർന്ന് ഇരുവരും പിൻമാറുകയായിരുന്നു.
കുഞ്ചാക്കോ ബോബന് പകരം ആസിഫ് അലി ചിത്രത്തിലേക്ക് എത്തിയെങ്കിലും ഡേറ്റ് ക്ലാഷിനെ തുടർന്ന് പിൻമാറുകയായിരുന്നു. ഗിരിഷ് ഗംഗാധരനാണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്. ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ് സംഗീതം. ഒ പി എം സിനിമാസിന് വേണ്ടി സന്തോഷ് കുരുവിളയും ആഷിക് അബുവും റിമാ കല്ലിങ്കലും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഡിറ്റിംഗ് – സൈജു ശ്രീധരന്, കലാസംവിധാനം – ജ്യോതിഷ് ശങ്കര്‍, വസ്ത്രാലങ്കാരം – സമീറ സനീഷ്.
ടോവിനോയെ നായകനാക്കി സംവിധാനം ചെയ്ത നാരദൻ ആണ് അവസാനമായി പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രം. ഉണ്ണി ആർ ആണ് നാരദൻ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മായാനദി, വൈറസ്, നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ടോവിനോ തോമസ് നായകനാകുന്ന ആഷിഖ് അബു ചിത്രമാണ് നീലവെളിച്ചം.