കുറിക്കു കൊള്ളുന്ന ഡയലോഗും ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ഡയലോഗുകളുമായി വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’ എത്തുന്നു. മാർച്ച് 11ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രയിലറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്. കപ്പേള എന്ന ചിത്രത്തിനു ശേഷം റോഷൻ മാത്യു, അന്ന ബെൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘നൈറ്റ് ഡ്രൈവ്’. ഒരു രാത്രി യാത്രയും അതിനെ തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രമെന്ന് ട്രയിലറിൽ നിന്ന് വ്യക്തം. പ്രണയവും പകയുമെല്ലാം ചിത്രത്തിൽ ചർച്ചയാകുന്നു.
രാത്രിയാത്രയിൽ പൊലീസ് ‘ഈ പെമ്പിള്ളാരെക്കൊണ്ട് അസമയത്ത് പുറത്തിറങ്ങാതെ പകല് വല്ലോം പൊയ്ക്കൂടേ’ എന്ന ചോദ്യം ചോദിക്കുമ്പോൾ കുറിക്കു കൊള്ളുന്ന മറുപടിയാണ് അന്ന ബെന്നിന്റെ കഥാപാത്രം നൽകുന്നത്. ‘അതെന്താ സാറേ, പെമ്പിള്ളാർക്ക് ഈ സമയത്ത് ഇറങ്ങാൻ പാടില്ലെന്ന് വല്ല റൂളു വല്ലതുമുണ്ടോ’ എന്നാണ് തിരിച്ചു ചോദിക്കുന്നത്. സിനിമ ഇറങ്ങിക്കഴിയുമ്പോൾ ഈ ഡയലോഗ് ഏറെ ചർച്ച ചെയ്യപ്പെടുമെന്ന് ഉറപ്പ്.
മലയാളത്തിലെ സൂപ്പർഹിറ്റ് സംവിധായകരിൽ ഒരാളാണ് വൈശാഖ്. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരെ നായകരാക്കി ഒരുക്കിയ പോക്കിരിരാജ ആയിരുന്നു വൈശാഖിന്റെ ആദ്യചിത്രം. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത പുലിമുരുകൻ വലിയ ഹിറ്റ് ആയിരുന്നു. സീനിയേഴ്സ്, മല്ലു സിങ്, വിശുദ്ധൻ, കസിൻസ്, സൗണ്ട് തോമ, മധുര രാജ എന്നിവയാണ് വൈശാഖിന്റെ മറ്റു ചിത്രങ്ങൾ. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നൈറ്റ് ഡ്രൈവ് എന്ന ചിത്രം നിർമിച്ചിരിക്കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ രചന. ഛായാഗ്രഹണം – ഷാജി കുമാർ, എഡിറ്റിംഗ് – സുനിൽ എസ് പിള്ള, സംഗീതം – രഞ്ജിൻ രാജ്.