ഹൊറർ – ത്രില്ലർ വിഭാഗത്തിലുള്ള സിനിമകൾ നിർമ്മിക്കുന്നതിന് മാത്രമായി പ്രൊഡക്ഷൻ ഹൗസ്. YNOT സി ഇ ഒയും നിർമ്മാതാവുമായ ചക്രവർത്തി രാമചന്ദ്രയാണ് ഇത്തരം സിനിമകൾക്ക് മാത്രമായി കേന്ദ്രീകൃത പ്രൊഡക്ഷൻ ഹൗസായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആരംഭിക്കുന്നത്. 2016ൽ YNOT സ്റ്റുഡിയോയിൽ ചേരുന്നതുവരെ ഒരു ദശാബ്ദത്തോളം സ്വതന്ത്ര നിർമ്മാതാവായി ചക്രവർത്തി രാമചന്ദ്ര പ്രവർത്തിച്ചിരുന്നു. YNOT സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ എസ് ശശികാന്ത് പുതിയ സംരംഭത്തിൽ പങ്കാളിയാണ്. കഴിഞ്ഞ 7 വർഷമായി ശശികാന്തും രാമചന്ദ്രയും നിരവധി മികച്ച വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
‘ഹൊറർ വിഭാഗത്തോടുള്ള എന്റെ ഇഷ്ടവും, സമ്പന്നമായ ഉള്ളടക്കത്തിൽ പ്രവർത്തിച്ച വർഷങ്ങളുടെ അനുഭവവും കൊണ്ടും ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോ’ ആരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രഗത്ഭരായ സംവിധായകർക്ക് ഒപ്പം ആഗോള തലത്തിൽ അനുഭവിക്കാൻ കഴിയുന്ന സിനിമകൾ നിർമ്മിക്കാനാണ് എന്റെ പരിശ്രമം.’ – നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ സ്ഥാപകനും നിർമ്മാതാവുമായ ചക്രവർത്തി രാമചന്ദ്ര പറഞ്ഞു.
‘എന്റെ പ്രിയ സുഹൃത്ത് റാമിനൊപ്പം ‘നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസി’ൽ പങ്കാളിയാകുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. സ്വദേശീയമായ ഹൊറർ – ത്രില്ലർ സിനിമകൾ ലോകം മുഴുവൻ എത്തിക്കാനുള്ള ആവേശകരമായ അവസരമാണിത്. YNOT സംസ്കാരവും കൂടി ചേരുന്നതോടെ കഥപറച്ചിലിലെ പുതുമകളിലൂടെ സഞ്ചരിക്കാൻ ഞങ്ങൾക്ക് കഴിയും.’- നിർമ്മാതാവ് എസ്.ശശികാന്ത് പറഞ്ഞു. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയുടെ പ്രൊഡക്ഷൻ #1 ഇന്ന് പ്രഖ്യാപിക്കും.