തിയറ്ററുകളിൽ വൻ ഹിറ്റ് ആയി മാറിയ ചിത്രമായിരുന്നു അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം. സിനിമയിലെ മലരിനെയും ജോർജിനെയും പ്രേക്ഷകർ നെഞ്ചോട് ചേർത്തു. ജോർജ് ആയി നിവിൻ പോളിയും മലർ മിസ് ആയി സായ് പല്ലവിയും ആയിരുന്നു എത്തിയത്. എന്നാൽ, പ്രേമത്തിന് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചില്ല. ഇപ്പോൾ ഇതാ നിവിൻ പോളിയും സായ് പല്ലവിയും വീണ്ടും ഒരുമിക്കുന്നു എന്ന വാർത്തയാണ് സിനിമാപ്രേമികളെ തേടി എത്തിയിരിക്കുന്നത്.
പ്രേക്ഷകരെ ആകാംക്ഷഭരിതവും ആവേശത്തിലാഴ്ത്തുന്നതുമായ ഈ വാർത്ത വൻ പ്രതീക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ വരും ദിവസങ്ങളിലായി പുറത്തുവരും. 2015 മെയ് 29നായിരുന്നു ‘പ്രേമം’ തിയറ്ററുകളിൽ റിലീസ് ചെയ്തത്. എട്ടു വർഷങ്ങൾക്ക് ശേഷം നിവിൻ പോളിയോടൊപ്പം സായ് പല്ലവി ഒരിക്കൽകൂടി പ്രത്യക്ഷപ്പെടുന്നു എന്നത് പ്രേക്ഷകർക്ക് വലിയ സന്തോഷമാണ് പകരുന്നത്.
ഇന്ത്യൻ അഭിനേത്രിയും നർത്തകിയുമായ സായ് പല്ലവി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. 2008-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ധാം ധൂമി’ലൂടെയാണ് സായി പല്ലവി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ‘പ്രേമ’ത്തിലൂടെ മലയാള സിനിമയിലേക്കും ചുവടുവെച്ചു. തന്റെ ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം ഹൃദയത്തിൽ തന്റെതായ സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് സായ് പല്ലവി. ഡിജോ ജോസ് ആന്റണിയുടെ ചിത്രത്തിലാണ് നിവിൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.