നിവിൻ പോളി നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് രാമേശ്വരത്തെ ധനുഷ്കോടിയിൽ ആരംഭിച്ചു. റാം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അഞ്ജലി, സൂരി തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഒരു മത്സ്യത്തൊഴിലാളിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം നിർമ്മിക്കുന്നത് വി ഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുരേഷ് കാമാക്ഷിയാണ്. ചിമ്പുവിന്റെ റിലീസിനൊരുങ്ങുന്ന മാനാടിന്റെ നിർമ്മാണവും ഇതേ കമ്പനിയാണ്.
മമ്മൂക്കയെ നായകനാക്കി ഒരുക്കിയ പേരൻപിന് ശേഷം വീണ്ടുമൊരു മലയാളിതാരത്തെ നായകനാക്കി റാം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രത്യേക പരിഗണന ആവശ്യമുള്ള മകളുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛന്റെ ഹൃദയസ്പർശിയായ കഥയാണ് പേരൻപ് പറയുന്നത്. മമ്മൂട്ടിയുടെ അഭിനയവും ചിത്രത്തിന്റെ വലിയൊരു നേട്ടമായിരുന്നു. 2018ൽ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ പ്രീമിയർ നടന്നത്. നിവിൻ പോളി ചിത്രവും അത്തരത്തിൽ മികച്ചൊരു ചിത്രമായിരിക്കുമെന്നാണ് പ്രതീക്ഷ.
Our #VHouseProductions in #ProductionNo7 Started today in
Dhanushkodi wth all ur blessings… #DirectorRam @NivinOfficial @sureshkamatchi @thisisysr @yoursanjali @eka_dop@UmeshJKumar @Vetrikumaran7 @johnmediamanagr @NaganathaSethu3 pic.twitter.com/0CZ9mHG64G— sureshkamatchi (@sureshkamatchi) October 4, 2021
നാല് വർഷങ്ങൾക്ക് ശേഷം നിവിൻ പോളി ഈ ചിത്രത്തിലൂടെ തമിഴിലേക്ക് തിരികെ എത്തുകയാണ്. 2017ൽ പുറത്തിറങ്ങിയ റിച്ചിയാണ് നിവിൻ പോളി അഭിനയിച്ച അവസാന തമിഴ് ചിത്രം. കന്നഡ ചിത്രമായ ഉളിദവരു കണ്ടന്തേ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ആ ചിത്രം. ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോനാണ് തീയറ്ററുകളിൽ എത്തിയ നിവിന്റെ അവസാന ചിത്രം. തുറമുഖം, കനകം കാമിനി കലഹം എന്നിവയാണ് പ്രദർശനത്തിനൊരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.