അടിമുടി മാറി പുത്തന്‍ ലുക്കില്‍ മലയാളത്തിന്റെ പ്രിയതാരം നിവിന്‍ പോളി. തടികൂടിയതിന്റെ പേരില്‍ ബോഡി ഷേമിംഗ് നേരിട്ട താരം കഴിഞ്ഞ കുറച്ചു മാസങ്ങളായി അതികഠിനമായ വര്‍ക്കൗട്ടിലും ഡയറ്റിലുമായിരുന്നു. പുതിയ ചിത്രം താരത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷമാണ് നിവിന്‍ പോളി നീണ്ട ബ്രേക്ക് എടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ലുക്കില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയ നിവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പടവെട്ട്, മഹാവീര്യര്‍, സാറ്റര്‍ഡേ നൈറ്റ് എന്നീ ചിത്രങ്ങള്‍ ആയിരുന്നു പോയ വര്‍ഷം നിവിന്‍ പോളിയുടേതായി തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. നിരൂപകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ നേടിയിരുന്നെങ്കിലും പക്ഷേ ബോക്സ് ഓഫീസില്‍ ചിത്രങ്ങള്‍ക്ക് കാര്യമായി ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ സാധിച്ചിരുന്നില്ല. രാജീവ് രവി ചിത്രം തുറമുഖം നിവിന്‍ പോളിയുടേതായി പ്രതീക്ഷയുള്ള ചിത്രമാണ്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം തീയറ്ററുകളില്‍ എത്തിയിട്ടില്ല.
മുന്‍കാല ചിത്രങ്ങള്‍ പോലെ പൂര്‍ണമായ എന്റര്ടെയ്നറായിരിക്കും പുതിയ ചിത്രമായ താരം എന്ന് നിവിന്‍ പോളി നേരത്തെ പറഞ്ഞിരുന്നു. വിനയ് ഗോവിന്ദാണ് ചിത്രത്തിന്റെ സംവിധായകന്. വിജയ് ലോകേഷ് കനകരാജ് ചിത്രമായ ദളപതി 67ല്‍ വില്ലന്‍ വേഷത്തില്‍ നിവിന്‍ എത്തുന്നു എന്ന വാര്‍ത്തകളും പ്രചാരത്തില്‍ ഉണ്ട്.