പ്രേക്ഷകരുടെ പ്രിയ യുവതാരം നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ പുറത്ത്. എൻ പി 42 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ഹനീഫ് അദേനി ആണ്. യു എ ഇയിലും കേരളത്തിലുമായിട്ട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. നാലു മാസങ്ങളിലായി രണ്ട് ഷെഡ്യൂളുകളിലായാണ് സിനിമ ചിത്രീകരിച്ചത്.
അതേസമയം, ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റിൽ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മരുഭൂമിയിൽ ഷൂട്ട് നടക്കുന്നതിനിടയിൽ പകർത്തിയ ചിത്രമാണ് ഇത്. വലിയ ക്രയിൻ യൂണിറ്റും നിരവധി വാഹനങ്ങൾ നിരയായി കിടക്കുന്നതും ചിത്രത്തിൽ വ്യക്തമാണ്. ഡെസേർട്ട് ചേസ് പോലെയുള്ള ഒരു രംഗം ചിത്രീകരിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കം നടക്കുന്നതിനിടെ പകർത്തിയത് ആയിരിക്കും ഈ ചിത്രമെന്നാണ് സൂചനകൾ.നിരവധി പേർ ജോലിയിൽ വ്യാപൃതരായിരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.
നിവിൻ പോളിയും ഹനീഫ് അദേനിയും മിഖായേൽ എന്ന ചിത്രത്തിനു ശേഷം ഒരുമിക്കുന്ന പ്രൊജക്റ്റാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ‘എൻപി 42’ എന്ന വിശേഷണപ്പേരുള്ള ചിത്രം നിര്‍മിക്കുന്നത്. വിഷ്ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.