കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വളരെ വ്യത്യസ്തമായ ഒരു ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ. ഒരു ബെനിയൻ ധരിച്ച രീതിയിലുള്ള കുഞ്ചാക്കോ ബോബന്റെ ദേഹത്ത് നിറയെ ചെളിയാണ്. കൃഷിയിടത്തിലാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രത്തിന്റെ സംവിധാനം.
കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. പ്രമേയം കൊണ്ടും ചിത്രീകരണ ശൈലി കൊണ്ടും പ്രാദേശിക ഭാഷാ മാധുര്യം കൊണ്ടും പ്രത്യേകത നിറഞ്ഞതാണ് ഈ സിനിമയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. മഹേഷിന്റെ പ്രതികാരം, മായാനദി, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വൈറസ്, ആർക്കറിയാം, നാരദൻ തുടങ്ങി നിരവധി സിനിമകൾ നിർമ്മിച്ചിട്ടുള്ള സന്തോഷ് ടി കുരുവിളയുടെ പന്ത്രണ്ടാമത് ചിത്രമാണ് ഇത്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ ചിത്രങ്ങളാണ് രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഇതിനു മുമ്പ് സംവിധാനം ചെയ്ത ചിത്രങ്ങൾ. ചിത്രത്തിന്റെ രചനയും രതീഷ് തന്നെയാണ്. രാകേഷ് ഹരിദാസ് (ഷെർണി ഫെയിം) – ഛായാഗ്രാഹകൻ, മനോജ് കണ്ണോത്ത് – എഡിറ്റർ, ജ്യോതിഷ് ശങ്കർ – ആർട്ട് ഡയറക്ടർ, മെൽ വി ജെ – കോസ്റ്റ്യൂം ഡിസൈനർ. ഗാനരചന – വൈശാഖ് സുഗുണൻ, സംഗീതം – ഡോൺ വിൻസന്റ്. സൗണ്ട് ഡിസൈനർ – ശ്രീജിത്ത് ശ്രീനിവാസൻ, മിക്സിംഗ് – വിപിൻ നായർ, സുധീഷ് ഗോപിനാഥ് – ചീഫ് അസോസിയേറ്റ്, കാസ്റ്റിംഗ് ഡയറക്ടർ – രാജേഷ് മാധവൻ, ബെന്നി കട്ടപ്പന – പ്രൊഡക്ഷൻ കൺട്രോളർ, അരുൺ സി തമ്പി – ക്രിയേറ്റീവ് പ്രൊഡ്യൂസർ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ജംഷീർ പുറ ക്കാട്ടിരി, ഡിസൈൻ – ഓൾഡ് മങ്ക്. സിനിമയുടെ ചിത്രീകരണം മാർച്ച് അവസാനം പൂർത്തിയാകും. ജൂലൈ ഒന്നിന് ചിത്രം തിയറ്ററുകളിൽ എത്തും.