റോഡിലെ കുഴികളെ ട്രോളി പോസ്റ്റർ പരസ്യം ഇറക്കിയതിനു പിന്നാലെ റിലീസ് ദിനത്തിൽ തന്നെ സൈബർ ആക്രമണം നേരിട്ട സിനിമയായിരുന്നു ‘ന്നാ താൻ കേസ് കൊട്’. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സൈബർ ആക്രമണങ്ങളിൽ അടിപതറി വീഴാതെ തിയറ്ററുകളിൽ വിജയക്കൊടി പാറിച്ചു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബിൽ എത്തിയെന്ന സന്തോഷവാർത്തായാണ് ഇപ്പോൾ നിർമാതാവ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട് (sue me)’ എന്ന ചിത്രത്തിന് ലോകമലയാളികളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ താൻ ഏറെ സന്തോഷിക്കുന്നെന്നും അഭിമാനിക്കുന്നെന്നും സന്തോഷ് കുറിച്ചു.
ചിത്രം അമ്പത് കോടി ക്ലബിൽ ഇടം പിടിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് നിർമാതാവ് സന്തോഷ് ടി കുരുവിള ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്, ‘ന്നാ താൻ കേസ് കൊട് (sue me) എന്ന ചിത്രത്തിന് ലോക മലയാളികളിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ ഞാൻ ഏറെ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ & ക്രൂവിന് ഇത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുഞ്ചാക്കോ ബോബൻ, ഒരു നടൻ എന്ന നിലയിൽ ഈ പ്രൊജക്ടിനോട് കാണിച്ച സമർപ്പണവും കഠിനാധ്വാനവും ക്ഷമയും വാക്കുകൾക്ക് അപ്പുറമുള്ളതാണ്. ഈ സിനിമയുടെ പ്രീ ഷൂട്ട് ജോലികൾ മുതൽ ഷൂട്ടിംഗ്, പോസ്റ്റ് പ്രൊഡക്ഷൻ ജോബുകൾ അങ്ങനെ എല്ലാ സങ്കേതിക വിദഗ്ധരോടും കാസർഗോഡൻ ഗ്രാമങ്ങളിലെ സഹൃദയരായ ജനങ്ങളോടും കലാകാരൻമാരോടും, പ്രൊഡക്ഷൻ ടീം, മാർക്കറ്റിംഗ് ടീം, മാധ്യമ പ്രവർത്തകർ അങ്ങിനെ ബന്ധപ്പെട്ട എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും ഈ ചിത്രം തീയറ്ററിൽ എത്തി തന്നെ കാണാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Thank you all’
ഓഗസ്റ്റ് 11ന് ആയിരുന്നു ‘ന്നാ താൻ കേസ് കൊട്’ സിനിമ തിയറ്ററുകളിൽ റിലീസ് ആയത്. റിലീസിനോട് അനുബന്ധിച്ച് പത്രങ്ങളിൽ കൊടുത്ത പരസ്യത്തിൽ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് ചില ഇടതുപക്ഷ അനുകൂലികളെ പ്രകോപിപ്പിച്ചത്. പരസ്യത്തെ പരസ്യമായി കാണണമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞതോടെ പലരും പോസ്റ്റ് തിരുത്തി സിനിമ കാണുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. സന്തോഷ് ടി കുരുവിള നിർമിച്ച ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ കുഞ്ചാക്കോ ബോബൻ ആയിരുന്നു. ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകരും നിർമാണ കമ്പനിയും നടത്തിയത് ആറു മാസത്തോളം നീണ്ടുനിന്ന പ്രീ – പ്രൊഡക്ഷൻ ജോലികളാണ്. കാസർഗോഡ് പ്രദേശത്തെ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.