സെൻസുള്ളതായി ഭാവിക്കുന്നവരുടെ ലോകത്ത് എന്താണ് സെൻസെന്ന് കാട്ടി തരുന്ന ഒരു സുന്ദര ചിത്രം. അതാണ് MC ജിതിൻ ഒരുക്കിയ നോൺസെൻസ് എന്ന ചിത്രം. നിറം, 4 ദി പീപ്പിൾ, ബോഡി ഗാർഡ് തുടങ്ങിയ സൂപ്പർഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള നിർമാതാവ് ജോണി സാഗരിഗ വലിയൊരു ഇടവേളക്ക് ശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് നോൺസെൻസ്. ഡോക്ടർമാരെയും എൻജിനീയർമാരെയും മാത്രമല്ല നല്ല മനുഷ്യരെയും കൂടി വാർത്തെടുക്കേണ്ടതാണ് ഇന്നത്തെ വിദ്യാഭാസ സമ്പ്രദായവും സമൂഹവുമെന്ന ഓർമ്മപ്പെടുത്തുന്ന നവാഗത സംവിധായകൻ MC ജിതിൻ മലയാളസിനിമക്ക് ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കുമെന്നും സ്വയം തെളിയിക്കുന്നു.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിലെ അതിന്റെ എല്ലാ സൗന്ദര്യങ്ങളും ആസ്വദിച്ചു ജീവിക്കുന്ന ഒരു പ്ലസ് വൺ വിദ്യാർത്ഥിയാണ് അരുൺ. അത്ര വലിയ വികൃതിയൊന്നും അല്ലെങ്കിലും ടീച്ചർമാർക്ക് ഒരു തലവേദന തന്നെയാണ് അരുൺ. പാഠപുസ്തകങ്ങൾക്കും ക്ലാസ്സ്മുറിയിലെ പഠനങ്ങൾക്കും അപ്പുറം തന്റേതായ ഒരു ലോകം പടുത്തുയർത്തിയ ഒരുവൻ. ലോകമറിയുന്ന ഒരു BMX സ്റ്റണ്ടറാകണമെന്നാണ് അരുണിന്റെ സ്വപ്നം. എന്തിനും ഏതിനും കുറ്റം ചാർത്തപ്പെടുന്ന അരുണിന്റെ സ്കൂളിലെ വിളിപ്പേര് പോലും നോൺസെൻസ് എന്നാണ്. ഷീന മിസ്സുമായി ഒരിക്കലും ചേർന്നു പോകാത്ത അരുൺ അവരുടെ ക്ലാസ്സിൽ മിക്കപ്പോഴും പുറത്ത് തന്നെയാണ്. ഒരു ഒക്ടോബർ 12ന്, യാദൃശ്ചികവശാൽ റിലീസ് തീയതിയും അത് തന്നെയാണ്, അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് സ്കൂളിന് ഉച്ച കഴിഞ്ഞ് അവധി പ്രഖ്യാപിക്കുന്നു. അന്നേ ദിവസം തന്നെ ഷീന മിസ്സിന്റെ മകൾ ജെസ്നയെ ഒരു വാഹനമിടിക്കുകയും ആ കുട്ടിയെ രക്ഷിക്കേണ്ട ചുമതല അരുണിന് ആവുകയും ചെയ്യുന്നു. ആ കുഞ്ഞിനെ രക്ഷിക്കാൻ ഒരു ഓട്ടോ ഡ്രൈവർക്കൊപ്പം ജീവൻ പണയപ്പെടുത്തിയുള്ള അരുണിന്റെ ശ്രമങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്. മനുഷ്യരെ കണ്ടെത്താനുള്ള സിലബസ് ഇല്ലാത്ത വിദ്യാഭാസ സമ്പ്രദായത്തെയും, ജാതിയുടെയും പാർട്ടിയുടെയും പേരിലുള്ള അർത്ഥമില്ലാത്ത പടവെട്ടലുകളെയും, ഹർത്താലിനെയും, മനുഷ്യത്വമില്ലായ്മയെയും നിശിതമായി വിമർശിക്കുന്ന ചിത്രം ഇന്നത്തെ സമൂഹത്തിനും ഇനിയുള്ള സമൂഹത്തിനും ഒരു മുതൽക്കൂട്ട് തന്നെയാണ്.
റേഡിയോ ജോക്കി, ഗായകൻ എന്നിങ്ങനെ പല രീതിയിലും പ്രശസ്തനായ റിനോഷ് ജോർജ് നായകനായി എത്തുന്ന ആദ്യ ചിത്രമാണ് നോൺസെൻസ്. തന്റെ കഥാപാത്രത്തെ നിഷ്കളങ്കതയും മറ്റുള്ളവരോടുള്ള സ്നേഹവും നിറച്ച് ഏറ്റവും മനോഹരമായി തന്നെ അവതരിപ്പിക്കുവാൻ റിനോഷിനായിട്ടുണ്ട്. റിനോഷ് തന്നെയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും. ഷീന മിസ്സിന്റെ കഥാപാത്രം ശ്രുതി രാമചന്ദ്രന്റെ കൈകളിൽ ഭദ്രം. കർക്കശക്കാരനായ പി ടി മാഷായി കലാഭവൻ ഷാജോണും തന്റെ കഥാപാത്രത്തെ ജീവനുള്ളതാക്കി. എല്ലാത്തിനുമേറെ നായകനൊപ്പം കൈയ്യടി വാങ്ങിയ മറ്റൊരു കഥാപാത്രം വിനയ് ഫോർട്ട് അവതരിപ്പിച്ച ഓട്ടോ ഡ്രൈവർ ആണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആ കഥാപാത്രം വിനയ് ഫോർട്ടിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്. ജെസ്നയെ അവതരിപ്പിച്ച അൽമ, ശ്രീനാഥ്, സിയാദ്, അനിൽ നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ഫെബിയ എന്നിവരെല്ലാം അവരുടെ കഥാപാത്രങ്ങളെ മനോഹരമാക്കി.
സംവിധായകൻ MC ജിതിൻ, ലിബിൻ, മുഹമ്മദ് ഷഫീഖ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഒരു ആശയം രസകരമായ രീതിയിൽ അവതരിപ്പിക്കുവാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അലക്സ് ജെ പുളിക്കലിന്റെ ക്യാമറ വർക്കുകളും വിഷ്ണു ശ്യാമിന്റെ ബിജിഎംഉം അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും കൂടി ചേർന്നപ്പോൾ നോൺസെൻസ് സെൻസ് ഉള്ളൊരു ചിത്രമായി തീർന്നു. ഷീന മിസ് അവസാനം പറയുന്ന ആ ഡയലോഗ് തന്നെയാണ് ചിത്രത്തിന്റെ കാതൽ. അരുണിനെ പോലുള്ള വിദ്യാർത്ഥികളെ തിരിച്ചറിയാനുള്ള സിലബസ് ഇനിയും ഉണ്ടാക്കിയിട്ടില്ല. അങ്ങനെയൊന്ന് സംഭവിക്കുവാൻ നമുക്കും പ്രാർത്ഥിക്കാം.